/sathyam/media/media_files/2025/08/15/images-1280-x-960-px56-2025-08-15-18-19-21.jpg)
ന്യൂഡല്‍ഹി: രാജ്യത്ത് അമിതവണ്ണമുള്ളവരുടെ എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.
വാങ്ങുന്ന ഭക്ഷ്യ എണ്ണയിലും ദൈനംദിന ഉപയോഗത്തിലും കുറഞ്ഞത് പത്തുശതമാനത്തിന്റേയെങ്കിലും കുറവ് വരുത്താനാണ് മോദി ആഹ്വാനം ചെയ്തത്.
സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് മോദി ഈ വിഷയം ഉന്നയിച്ചത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രാജ്യത്ത് അമിതവണ്ണത്തിന്റെ നിരക്ക് വര്‍ദ്ധിച്ചുവരികയാണ്. 2050 ആകുമ്പോഴേക്കും ഇന്ത്യയിലെ ജനസംഖ്യയുടെ മൂന്നിലൊന്നില്‍ കൂടുതല്‍ പേര്‍ അമിതവണ്ണമുള്ളവരായിരിക്കുമെന്നാണ് ലാന്‍സെറ്റ് പഠനം പ്രവചിക്കുന്നത്.
ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. മെച്ചപ്പെട്ട ആരോഗ്യത്തിനായി ചെറുതും എന്നാല്‍ അര്‍ത്ഥവത്തായതുമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു.
'ഫിറ്റ്നസിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, എനിക്ക് എടുത്തുകാണിക്കേണ്ട ഒരു ആശങ്കയുണ്ട്. അമിതവണ്ണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വലിയ പൊതുജനാരോഗ്യ പ്രശ്നമായി മാറുകയാണ്.
കുറഞ്ഞത് മൂന്ന് പേരില്‍ ഒരാള്‍ക്ക് അമിതവണ്ണം ഉണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നു. നമുക്ക് അമിതവണ്ണത്തില്‍ നിന്ന് മോചനം നേടണം.
അതുകൊണ്ടാണ് ഓരോ കുടുംബവും 10 ശതമാനം കുറവ് എണ്ണ വാങ്ങാനും 10 ശതമാനം കുറവ് എണ്ണ ഉപയോഗിക്കാനും പറയുന്നത്.
അമിതവണ്ണത്തിനെതിരായ പോരാട്ടത്തില്‍ പങ്കെടുക്കണമെന്നും ഞാന്‍ അഭ്യര്‍ഥിക്കുന്നു'- പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ നിര്‍ദ്ദേശം അടിസ്ഥാനപരമായി ദിവസേനയുള്ള കലോറി ഉപഭോഗം ക്രമേണ കുറയ്ക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് എന്ന് വിദഗ്ധര്‍ പറയുന്നു.
ഉയര്‍ന്ന കലോറി സാന്ദ്രതയുള്ള എണ്ണ ഒരു ടേബിള്‍സ്പൂണ്‍ എടുത്താല്‍ അതില്‍ ഏകദേശം 120 കലോറി അടങ്ങിയിട്ടുണ്ട്.
ലോകത്ത് അമിതഭാരവും അമിതവണ്ണവും ഉള്ളവരുടെ എണ്ണത്തില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.