ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ബിജെപി പാർലമെന്ററി ബോർഡ് യോഗം ഇന്ന്

ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവെച്ചതിനെത്തുടർന്നാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

New Update
images (1280 x 960 px)(97)

ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ നിശ്ചയിക്കാനായി ബിജെപി പാർലമെന്ററി ബോർഡ് യോഗം ഇന്ന് ചേരും. വൈകിട്ട് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പുതിയ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി സംബന്ധിച്ച് തീരുമാനമുണ്ടായേക്കും.

Advertisment

യോഗത്തിനിടെ ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ എന്നീ നേതാക്കളുമായി പ്രധാനമന്ത്രി സംസാരിച്ചേക്കും. സ്ഥാനാർത്ഥിയെ ഇന്നു തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. 

ബിജെപിയിൽ നിന്നുള്ള നേതാവ് തന്നെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാകുമെന്നാണ് റിപ്പോർട്ടുകൾ.

 പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പുറമെ, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ പി നഡ്ഡ, മറ്റ് പാർലമെന്ററി ബോർഡ് അംഗങ്ങൾ തുടങ്ങിയവർ ബിജെപി നേതൃയോഗത്തിൽ സംബന്ധിക്കും.

മുൻ കേരള ഗവർണറും നിലവിൽ ബിഹാർ ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാൻ, മുൻ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി, ജമ്മു കശ്മീർ ലഫ് ഗവർണർ മനോജ് സിൻഹ, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധരെ രാജ സിന്ധ്യ, കർണാടക ഗവർണർ തവർചന്ദ് ഗെഹലോട്ട്, സിക്കിം ഗവർണർ ഓം മാത്തൂർ, ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത് തുടങ്ങിയവരുടെ പേരുകൾ പരിഗണനയിൽ ഉണ്ടെന്നാണ് വിവരം.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് നാമനിർദ്ദേശപത്രിക നൽകാനുള്ള അവസാന തീയതി ഈ മാസം 21 ആണ്. നാമനിർദ്ദേശപത്രിക നൽകുന്ന ദിവസം എൻഡിഎയുടെ എല്ലാ മുഖ്യമന്ത്രിമാരോടും ഉപമുഖ്യമന്ത്രിമാരോടും ഡൽഹിയിലെത്താൻ നിർദേശിച്ചിട്ടുണ്ട്. സെപ്റ്റംബർ ഒമ്പതിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. അന്നുതന്നെ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവെച്ചതിനെത്തുടർന്നാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളും നാമനിർദ്ദേശം ചെയ്യപ്പെട്ട എംപിമാരും ചേർന്നാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. രണ്ട് സഭകളിലും കൂടി 781 അംഗങ്ങളാണുള്ളത്. 391 വോട്ടുകൾ നേടുന്ന സ്ഥാനാർത്ഥിക്ക് വിജയിക്കാനാകും.

Advertisment