/sathyam/media/media_files/2025/08/17/34839-2025-08-17-16-36-19.webp)
ന്യൂഡൽഹി: 2024 ലോകസഭാ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷത്തിന്റെ വെളിപ്പെടുത്തലിൽ മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് തെളിവില്ലെന്നും കമ്മീഷന് ഭരിക്കുന്ന പാർട്ടി എന്നോ പ്രതിപക്ഷ പാർട്ടിയെന്നോ വേർതിരിവില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു.
വോട്ടർ പട്ടിക പുതുക്കൽ വേണ്ടിയാണ് എസ്ഐആർ നടത്തുന്നത്.
വോട്ടർ പട്ടികയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണിത്. രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനിലെ രജിസ്ട്രേഷൻ വഴിയാണ് നിലനില്ക്കുന്നത്.
കമ്മീഷൻ എങ്ങനെ ആ രാഷ്ട്രീയ പാർട്ടികളോട് വിവേചനം കാണിക്കുമെന്ന് ഗ്യാനേഷ് കുമാർ ചോദിച്ചു.
വോട്ടർ പട്ടിക തീവ്ര പരിശോധന ബംഗാളിൽ നടപ്പിലാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
തെരഞ്ഞെടുപ്പ് രംഗത്തെ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് എസ്‌ഐആര്‍ ആരംഭിച്ചത്.
പരാതികളുണ്ടെങ്കിലും ആര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാതിലുകള്‍ എല്ലാ പാര്‍ട്ടികള്‍ക്കും മുമ്പ് തുറന്നുവെച്ചിരിക്കുകയാണ്.
ആര്‍ക്കും പരാതി അറിയിക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.
വോട്ട് കൊള്ള എന്ന മുദ്രാവാക്യം ഭരണഘടനയ്ക്ക് എതിരാണ്. കേരളത്തിൽ അടക്കം ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്.
വ്യാജ വോട്ടുകൾ ബൂത്ത് ലെവൽ ഓഫീസർമാർക്ക് ചൂണ്ടിക്കാട്ടാമായിരുന്നു. അന്ന് അവർ അത് കൃത്യമായി ചെയ്തില്ല. പരാതിപ്പെടേണ്ട സമയത്ത് പരാതിപ്പെടണമെന്നും അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അത് കേൾക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ടുകവർച്ചാ ആരോപണമുന്നയിച്ച് പ്രചാരണം കടുപ്പിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താ സമ്മേളനവുമായി രംഗത്തെത്തിയത്.
ബിഹാർ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ വോട്ട് അധികാർ യാത്രയ്ക്ക് രാഹുൽ ഗാന്ധി ഇന്ന് തുടക്കം കുറിക്കുകയും ചെയ്തിരുന്നു.