/sathyam/media/media_files/2025/08/18/images-1280-x-960-px108-2025-08-18-06-02-01.jpg)
ഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ രണ്ടു ദിവസത്തെ നിർണായക സന്ദർശനത്തിനായി ഇന്ന് ദില്ലിയിലെത്തും.
വൈകിട്ട് നാലിന് എത്തുന്ന വാങ് യീ, വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ അതിർത്തി തർക്കം പരിഹരിക്കാനുള്ള സംവിധാനത്തിൻറെ സംയുക്ത യോഗത്തിൽ നാളെ വാങ് യീ പങ്കെടുക്കും.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലായിരിക്കും ഇന്ത്യൻ സംഘത്തെ നയിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വാങ് യീ സന്ദർശിക്കും.
ഷാങ്ഹായി സഹകരണ ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക് പോകാനിരിക്കെയാണ് വാങ് യീ ഇന്ത്യയിൽ എത്തുന്നത്.
അതിർത്തി തർക്കത്തിലെ വിഷയങ്ങളാകും പ്രധാന അജണ്ടയെങ്കിലും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ താരിഫ് ഭീഷണികൾ ഒരുപോലെ നേരിടുന്ന രാജ്യങ്ങളെന്ന നിലയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ചർച്ചകൾക്ക് വലിയ രാഷ്ട്രീയ പ്രധാന്യമാണ് കൽപ്പിക്കപ്പെട്ടിരിക്കുന്നത്.
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ മുന്നിലുള്ള രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും.
ഇക്കാരണം പറഞ്ഞാണ് ട്രംപ്, തീരുവ ഭീഷണി ഉയർത്തിയിരിക്കുന്നത്.
ഇരു രാജ്യങ്ങളെയും ഒരുപോലെ ബാധിക്കുന്ന വിഷയമായതിനാൽ ചൈനീസ് വിദേശകാര്യ മന്ത്രിയുടെ സന്ദർശനത്തിൽ ഇക്കാര്യം ചർച്ചയാകാനുള്ള സാധ്യതകളുണ്ട്.
ചൈനീസ് വിദേശകാര്യ മന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ ബുധനാഴ്ച എസ് ജയശങ്കർ റഷ്യയിലേക്ക് തിരിക്കുമെന്നതും വിഷയത്തിൻറെ പ്രാധാന്യം വർധിപ്പിക്കുന്നു.
റഷ്യൻ വിദേശകാര്യമന്ത്രി സെർഗി ലാവ്റോവുമായി ജയശങ്കർ ചർച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.