/sathyam/media/media_files/2025/08/18/images-1280-x-960-px109-2025-08-18-12-54-31.jpg)
ന്യൂഡല്‍ഹി: യുകെയിലെ വ്യവസായി രാജേഷ് കൃഷ്ണയുമായി നടത്തിയ പണമിടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് പിബിക്ക് നല്‍കിയ പരാതി ചോര്‍ന്നെന്ന സംഭവത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.
ഇത്തരം അസംബന്ധങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഡല്‍ഹിയില്‍ പൊളിറ്റ് ബ്യൂറോ യോഗത്തിനെത്തിയ ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസ് പിന്നീട് കൊടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കത്ത് ചോര്‍ന്നതിന് പിന്നില്‍ എംവി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്ന് കാണിച്ച് ചെന്നൈ വ്യവസായി മുഹമ്മദ് ഷെര്‍ഷാദ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎ ബേബിക്ക് കത്ത് നല്‍കിയിരുന്നു.
ആ കത്തിലെ വിവരങ്ങളും ചോര്‍ന്നിരുന്നു. എംവി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്തിനെയാണ് സംശയിക്കുന്നത്.
ശ്യാം മനഃപൂര്‍വം ചെയ്തതായിരിക്കില്ല; ഭീഷണിപ്പെടുത്തി രാജേഷ് കത്തു വാങ്ങിയതാകാം. രാജേഷും ശ്യാമും തമ്മില്‍ ഇടപാടുകളുണ്ടെന്നും ഷെര്‍ഷാദ് പറഞ്ഞു.
മുഹമ്മദ് ഷെര്‍ഷാദിന്റെ പരാതി കത്ത് കോടതിയിലെത്തിയതും അതില്‍ ഉന്നത സിപിഎം നേതാക്കള്‍ക്കെതിരെ ഉള്‍പ്പെടെ ആരോപണങ്ങളുള്ളതുമാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നത്.
ആരോപണ വിധേയന്‍ രാജേഷ് കൃഷ്ണ മാധ്യമങ്ങള്‍ക്കെതിരെ നല്‍കിയ മാനനഷ്ട കേസിലാണ് ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് നല്‍കിയ പരാതികൂടി ഉള്‍പ്പെടുത്തിയത്.
ചെന്നൈ വ്യവസായിയായ മുഹമ്മദ് ഷര്‍ഷാദ് 2021ലാണ് സംസ്ഥാന മന്ത്രിമാരുടെ അടക്കം സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത ആരോപിച്ച് സിപിഎം പിബി അംഗം അശോക് ധാവ്ളയ്ക്ക് പരാതി നല്‍കിയത്.
പരാതിയില്‍ തുടര്‍ നടപടികളുണ്ടായില്ലെങ്കിലും, കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലണ്ടന്‍ പ്രതിനിധിയായി ആരോപണ വിധേയനായ രാജേഷ് കൃഷ്ണയെ ഉള്‍പ്പെടുത്തി.
ഇതിനെതിരെ പരാതിക്കാരനായ മുഹമ്മദ് ഷര്‍ഷാദ് വീണ്ടും രംഗത്തെത്തിയതോടെ പാര്‍ട്ടികോണ്‍ഗ്രസ് പ്രതിനിധി പട്ടികയില്‍ നിന്ന് രാജേഷ് കൃഷ്ണയെ ഓഴിവാക്കി.
പക്ഷേ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെിരെ രാജേഷ് കൃഷ്ണ മാനനഷ്ട കേസിനൊപ്പം കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് 2021 ലെ പരാതിയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.