/sathyam/media/media_files/2025/08/18/cp-radhakrishnan-2025-08-18-16-04-41.jpg)
ഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മഹാരാഷ്ട്ര ഗവർണറും തമിഴ്നാട്ടുകാരനുമായ സി.പി രാധാകൃഷ്‌ണനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ തമിഴകത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പിച്ച മുന്നേറ്റം കൂടിയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
തമിഴനായ രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയാവുന്നതിനെ ഡി.എം.കെ പിന്തുണയ്ക്കാതിരുന്നാൽ അത് ബി.ജെ.പി വലിയ ആയുധമാക്കി മാറ്റും. തമിഴ് വികാരം ഏറെയുള്ള തമിഴ്നാട്ടിൽ ഇത് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്.
പ്രതിപക്ഷത്തിന്റെ കൂടി സഹകരണത്തോടെ ഏകകണ്ഠമായി അടുത്ത ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും തമിഴ്നാട്ടിലെ എല്ലാ വിഭാഗത്തിനിടയിലും സ്വീകാര്യതയും, ബഹുമാനവുമുള്ള നേതാവാണ് രാധാകൃഷ്ണനെന്നും ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദ വ്യക്തമാക്കി.
ചുരുക്കത്തിൽ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ രാധാകൃഷ്ണനെ ഡി.എം.കെ പിന്തുണച്ചാൽ പ്രതിപക്ഷത്തെ ഇന്ത്യാ സഖ്യത്തിൽ വിള്ളൽ വീഴ്‍ത്താൻ ബിജെപിക്ക് കഴിയും. ഇക്കാര്യം തിരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കാനും സാധിക്കും.
ചന്ദ്രപുരം പൊന്നുസ്വാമി രാധാകൃഷ്‌ണൻ എന്ന സി.പി. രാധാകൃഷ്‌ണൻ തമിഴ്നാട്ടിലെ തിരുപ്പൂരിൽ 1957 ഒക്‌ടോബർ 20നാണ് ജനിച്ചത്. അദ്ദേഹത്തിന്റെ സാമൂഹിക ജീവിതത്തിന്റെ തുടക്കം ആർ.എസ്.എസ് സ്വയംസേവകനായിട്ടായിരുന്നു.
1974ൽ ഭാരതീയ ജനസംഘത്തിന്റെ തമിഴ്നാട് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായി. 1996ൽ ബി.ജെ.പി തമിഴ്നാട് ഘടകം സെക്രട്ടറിയായി. കോയമ്പത്തൂർ മണ്ഡലത്തിൽ നിന്ന് രണ്ടുതവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2004-07 കാലത്ത് ബി.ജെ.പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റായി. ജാർഖണ്ഡ് ഗവർണറായി 2023 ഫെബ്രുവരി മുതൽ 2024 ജൂലായ് വരെ പ്രവർത്തിച്ചു. മഹാരാഷ്ട്രയുടെ 24ാം ഗവർണറായി 2024 ജൂലായ് 31ന് ചുമതലയേറ്റു.
തെലങ്കാന ഗവർണർ, പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ എന്നിവയുടെ അധികചുമതല നിർവഹിച്ചിട്ടുണ്ട്. സെപ്‌തംബർ 9നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ജഗ്‌ദീപ് ധൻകർ രാജിവച്ചതിനെ തുടർന്നാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് ഒഴിവുവന്നത്.
അതേസമയം, ബി.ജെ.പിയുടെ കെണി മനസിലാക്കിയ ഡി.എം.കെ കരുതലോടെയാണ് പ്രതികരിക്കുന്നത്. രാധാകൃഷ്ണനെ തള്ളിപ്പറഞ്ഞാൽ തമിഴ് വികാരത്തിന് എതിരെന്ന പ്രചാരണം അവർ ഭയക്കുന്നു. എന്നാൽ അനുകൂലിച്ചാൽ പ്രതിപക്ഷ സഖ്യം തകർന്നെന്ന പ്രചാരണവുമുണ്ടാവും.
രാധാകൃഷ്ണനെ പിന്തുണക്കില്ലെന്ന് ഡി.എം.കെ നേതാവ് ഇളങ്കോവൻ വ്യക്തമാക്കിയിട്ടുണ്ട്. എൻ.ഡി.എയുടെ സ്ഥാനാർത്ഥിയായതിനാലാണ് രാധാകൃഷ്ണനെ പിന്തുണയ്ക്കാത്തതെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ ഒരു തമിഴനെ എൻ.ഡി.എസ്ഥാനാർഥിയാക്കിയതിൽ സന്തോഷവുമുണ്ട്.
ഇന്ത്യാ സഖ്യം സ്ഥാനാർഥിയെ നിർത്തിയാൽ പിന്തുണക്കും. സഖ്യത്തിനുള്ളിൽ പ്രശ്നങ്ങൾക്ക് താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാടിന് വേണ്ടി കേന്ദ്ര സർക്കാർ ഒന്നും ചെയ്തിട്ടില്ല.
സംസ്ഥാനത്തിന് ധനസഹായം നൽകുന്നില്ല. ഭാഷാ, വിദ്യാഭ്യാസം അടക്കമുള്ള വിഷയങ്ങളിൽ തമിഴ്നാടിന്‍റെ നയം കേന്ദ്ര സർക്കാർ അംഗീകരിക്കുന്നില്ല. തമിഴനായ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പിന്തുണക്കുന്നില്ലെന്ന് ബി.ജെ.പി പ്രചാരണം നടത്തിയാൽ കേന്ദ്രത്തിനെതിരെ നിരവധി കാര്യങ്ങൾ പറയാൻ സംസ്ഥാനത്തിന് സാധിക്കുമെന്നും ടി.കെ.എസ്. ഇളങ്കോവൻ ചൂണ്ടിക്കാട്ടി.
ബിജെപിയെ ശക്തമായി എതിർക്കുന്നതാണ് തങ്ങളുടെ രാഷ്‌ട്രീയ നിലപാട് എന്നിരിക്കെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥി തമിഴ്‌നാട്ടിൽ നിന്നായാലും എതിർക്കാനാണ് ഡി.എം.കെ തീരുമാനം. തമിഴ്‌നാട്ടുകാരനായിട്ടും എതിർക്കുന്നതെന്ത് എന്ന ചോദ്യത്തിന് തമിഴ്‌നാടിന് അദ്ദേഹം എന്തുനൽകി എന്ന മറുചോദ്യം വഴി പ്രതിരോധിക്കാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്.
പക്ഷേ ഇത് തമിഴക രാഷ്ട്രീയത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. 2020-22 കാലയളവിൽ കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി പ്രഭാരി ആയിരുന്നു എൻഡിഎ സ്ഥാനാർത്ഥിയായ സി പി രാധാകൃഷ്‌ണൻ. 2016-20 കാലഘട്ടത്തിൽ കയർബോർഡ് ചെയർമാനായി കൊച്ചിയിൽ പ്രവർത്തിച്ചിട്ടുണ്ട്. നന്നായി മലയാളം സംസാരിക്കുന്ന അദ്ദേഹത്തിന്റെ സ്റ്റാഫിൽ ഏറെയും മലയാളികളാണ്.