/sathyam/media/media_files/2025/03/12/x3n1uQhyR5kJDpvl9sv9.jpg)
ന്യൂഡല്‍ഹി: ലഗേജിന് ഭാരം അധികമായതിന്റെ പേരില്‍ പലര്‍ക്കും ഇഷ്ടവസ്തുക്കള്‍ എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ച് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ടാകും.
പ്രിയപ്പെട്ടവര്‍ക്കായി ഇഷ്ടത്തോടെ വാങ്ങിയ പല സാധനങ്ങളും അവര്‍ക്കരികില്‍ എത്തിക്കാന്‍ കഴിയാത്തതിന്റെ വേദനയും വലുതാണ്. ഇനി എയര്‍പോര്‍ട്ടില്‍ മാത്രമല്ല റെയില്‍വേ സ്‌റ്റേഷനിലും ലഗേജുകള്‍ക്ക് നിയന്ത്രണം വരികയാണ്.
തുടക്കത്തില്‍ രാജ്യത്തിലെ പ്രധാന സ്റ്റേഷനുകളിലാണ് നിയന്ത്രണം കൊണ്ടുവരിക.
പ്രായസമൊന്നും കൂടാതെ സുഖകരമായി ട്രെയിന്‍ യാത്ര ചെയ്യാന്‍ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുക എന്നാണ് റെയില്‍വേ ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇതുകൂടാതെ യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിന് ഒപ്പം അധിക വരുമാനം എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.
പ്രയാഗ് രാജ് ജംക്ഷന്‍, പ്രയാഗ്രാജ് ചിയോകി, സുബേദാര്‍ഗഞ്ച്, കാണ്‍പൂര്‍, മിര്‍സാപൂര്‍, തുണ്ട്ല, അലിഗഡ്, ഗോവിന്ദ്പുരി, ഇറ്റാവ, അലിഗഡ് ജംക്ഷന്‍ എന്നിവയുള്‍പ്പെടെ എന്‍സിആര്‍ സോണിന് കീഴിലുള്ള റെയില്‍വേ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ പുതിയ സംവിധാനം ആരംഭിക്കുന്നത്.
നിലവില്‍ ലഗേജിന് നിയന്ത്രണമുണ്ടെങ്കിലും ഇനിമുതല്‍ കര്‍ശനമാക്കാനാണ് റെയില്‍വേ തീരുമാനം.
എയര്‍പോര്‍ട്ടിന് സമാനമായി റെയില്‍വേ സ്‌റ്റേഷനുകളില്‍ യാത്ര ചെയ്യുമ്പോള്‍ നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചേ ലഗേജ് കൊണ്ടുപോകാന്‍ കഴിയുകയുള്ളു.
ലഗേജുമായി പോകുന്ന യാത്രക്കാര്‍ സ്‌റ്റേഷനുകളിലെ ഇലക്ട്രോണിക് വെയിങ് മെഷിനുകളില്‍ ലഗേജ് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ട്.
പരിധിയില്‍ കൂടുതല്‍ ലഗേജ് കൊണ്ടുപോകുന്നവരില്‍ അധിക ചാര്‍ജോ പിഴയോ ഈടാക്കും.
ഇത് ഒരോ ക്ലാസുകളിലും വ്യത്യാസമുണ്ടാകും. എസി ഫസ്റ്റ് ക്ലാസിന് 70 കിലോഗ്രാം, എസി ടു ടയറിന് 50 കിലോഗ്രാം, എസി ത്രീ ടയറിനും സ്ലീപ്പര്‍ ക്ലാസിനും 40 കിലോഗ്രാം, ജനറല്‍ ക്ലാസിന് 35 കിലോഗ്രാം വീതവുമാണ് സാധനങ്ങള്‍ കൊണ്ടുപോകാന്‍ സാധിക്കുക.
എന്നാല്‍ ഭാര പരിധിക്കുള്ളില്‍ വന്നാലും സ്ഥലം തടസ്സപ്പെടുത്തുന്ന രീതിയില്‍ ലഗേജ് വച്ചാല്‍ പിഴ ഈടാക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.
ഈ രീതി നടപ്പിലാക്കുന്ന സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാര്‍ക്ക് പരിശോധനകളെല്ലാം കഴിഞ്ഞാല്‍ മാത്രമേ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കാന്‍ കഴിയുകയുള്ളൂ.
കൂടാതെ റെയില്‍വേ സ്റ്റേഷനുകളില്‍ എയര്‍പോര്‍ട്ടിലേതിന് സമാനമായി പ്രീമിയം സ്റ്റോറുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്. വസ്ത്രങ്ങളും ചെരുപ്പുകളും ഇലക്ട്രോണിക് ഉല്‍പന്നങ്ങളുമടക്കം സാധനങ്ങള്‍ ലഭ്യമാക്കുന്ന തരത്തിലായിരിക്കും ഷോപ്പുകള്‍ക്ക് അനുമതി നല്‍കുക.