/sathyam/media/media_files/2025/08/28/photos15-2025-08-28-21-08-06.jpg)
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി 75 വയസ്സായാല്‍ വിരമിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. സെപ്റ്റംബര്‍ 17ന് മോദിക്ക് 75 വയസ്സ് തികയാനിരിക്കെയാണ് ഭാഗവതിന്റെ പ്രതികരണം.
'ഞാന്‍ 75 വയസ്സില്‍ വിരമിക്കുമെന്നോ മറ്റാരെങ്കിലും വിരമിക്കണമെന്നോ ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. സംഘം നമ്മളോട് ചെയ്യാന്‍ ആവശ്യപ്പെടുന്നത് നമ്മള്‍ ചെയ്യും,' അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് നൂറുവര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് മോഹന്‍ ഭാഗവതിന്റെ പ്രതികരണം
75 വയസ്സായാല്‍ വിരമിച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി വഴിമാറിക്കൊടുക്കണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്‍നിര്‍ത്തിയാണെന്നായിരുന്നു വ്യാഖ്യാനങ്ങള്‍.
75 വയസ്സ് തികഞ്ഞ് ഷാള്‍ നല്‍കി ആദരിക്കുകയാണെങ്കില്‍, അതിനര്‍ഥം നിങ്ങള്‍ക്ക് വയസ്സായി മാറിക്കൊടുത്ത് മറ്റുള്ളവര്‍ക്ക് വഴിയൊരുക്കുക എന്ന് ആര്‍എസ്എസ് നേതാവ് പറഞ്ഞത് ഓര്‍മപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ആര്‍എസ്എസ് നേതാവായിരുന്ന മോറോപന്ത് പിംഗ്ലയെ പറ്റിയുള്ള പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് പ്രായപരിധി പരാമര്‍ശം മോഹന്‍ ഭാഗവത് നടത്തിയത്. നിങ്ങള്‍ക്ക് 75 വയസ്സ് തികഞ്ഞാല്‍ അതിനര്‍ത്ഥം നിങ്ങള്‍ നിര്‍ത്തി മറ്റുള്ളവര്‍ക്ക് വഴിയൊരുക്കണം എന്നാണ് ഭാഗവത് പറഞ്ഞത്.
ഓരോ ഇന്ത്യന്‍ ദമ്പതിമാര്‍ക്കും മൂന്ന് കുട്ടികള്‍ വീതം വേണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. മൂന്നില്‍ താഴെ ജനനനിരക്കുള്ള സമുദായങ്ങള്‍ പതുക്കെ ഇല്ലാതാകുമെന്ന് വിദഗ്ധര്‍ പറയുന്നതായി ഭാഗവത് അവകാശപ്പെട്ടു.
എല്ലാ രാജ്യങ്ങളിലും ഇത് സംഭവിക്കുന്നുണ്ടെന്നും അതിനാല്‍, ഓരോ ദമ്പതിമാരും രാജ്യത്തിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തി മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശരിയായ പ്രായത്തില്‍ വിവാഹം കഴിക്കുകയും മൂന്ന് കുട്ടികളുണ്ടാകുകയും ചെയ്യുന്നത് മാതാപിതാക്കളുടെയും കുട്ടികളുടെയും ആരോഗ്യം ഉറപ്പാക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. മൂന്ന് സഹോദരങ്ങളുള്ള വീടുകളിലെ കുട്ടികള്‍ അഹംഭാവത്തെ നിയന്ത്രിക്കാന്‍ പഠിക്കും.
ഇത് ഭാവിയില്‍ അവരുടെ കുടുംബ ജീവിതത്തില്‍ സ്വസ്ഥതകളുണ്ടാകാതിരിക്കാന്‍ സഹായിക്കും. ജനസംഖ്യ ഒരു അനുഗ്രഹവും ഭാരവുമാകാം. അതിനാലാണ് ജനസംഖ്യാനയം നിലനില്‍ക്കുന്നത്.
ജനസംഖ്യ നിയന്ത്രിതവും അതേസമയം പര്യാപ്തവുമാണെന്ന് ഉറപ്പാക്കാന്‍, ഓരോ കുടുംബത്തിനും മൂന്ന് കുട്ടികളുണ്ടാകണം, എന്നാല്‍ അതില്‍ കൂടുതല്‍ വേണ്ടയെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സമുദായങ്ങളിലും ജനനനിരക്ക് കുറയുന്നുണ്ടെന്നും ഹിന്ദുക്കളില്‍ ഇത് എല്ലായ്‌പ്പോഴും കുറവായതുകൊണ്ട് കൂടുതല്‍ പ്രകടമാണെന്നും ഭാഗവത് പറഞ്ഞു.