/sathyam/media/media_files/2025/09/01/sudarshan-chakra-defence-systdm-2025-09-01-19-24-21.jpg)
ഡൽഹി: പത്തു വർഷത്തിനകം രാജ്യമാകെ കരുത്തുറ്റ വ്യോമ പ്രതിരോധ സംവിധാനമായ സുദർശൻ ചക്ര വിന്യസിച്ച് അതിർത്തികളെല്ലാം സുരക്ഷിതമാക്കാനുള്ള ബൃഹത് പദ്ധതിയാണ് കേന്ദ്രം തയ്യാറാക്കുന്നത്.
തദ്ദേശീയമായി വികസിപ്പിച്ച ആകാശ പ്രതിരോധ സംവിധാനമാണ് സുദർശൻ ചക്ര. 10 വർഷത്തിനകം രാജ്യമെങ്ങും സുദർശൻ ചക്രയുടെ സംരക്ഷണ കവചത്തിലാകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതോടെ ഇസ്രായേലിന്റെ അയൺ ഡോമിനെ വെല്ലുന്ന വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യയ്ക്ക് സ്വന്തമാവും. ഏതുതരം വ്യോമാക്രമണത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കാനുള്ള വജ്രായുധമാണ് സുദർശൻ ചക്ര എന്ന വ്യോമപ്രതിരോധ സംവിധാനം.
ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാനിൽ നിന്നുള്ള വ്യോമാക്രമണം ഇന്ത്യ പ്രതിരോധിച്ചത് റഷ്യയുടെ എസ്- 400 വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചായിരുന്നു.
ഇനിയുള്ള കാലത്ത് വ്യോമാക്രമണമായിരിക്കും ഏറ്റവും വലിയ ഭീഷണിയെന്ന് മനസിലാക്കിയാണ് രാജ്യത്തിന്റെ അതിർത്തികളിലെല്ലാം സുദർശൻ ചക്രയെന്ന വ്യോമപ്രതിരോധ സംവിധാനം സജ്ജമാക്കുന്നത്.
തന്ത്രപ്രധാന, സിവിലിയൻ, തീർഥാടന കേന്ദ്രങ്ങളെ കരയിൽനിന്നും കടലിൽനിന്നും ആകാശത്തുനിന്നുമുള്ള ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കാനായി സജ്ജമാക്കുന്നതാണ് സുദർശൻ ചക്ര.
ആയുധങ്ങളെയും മിസൈലുകളെയും ഡ്രോണുകളെയും മാത്രമല്ല, സൈബർ ആക്രമണങ്ങളെയും പ്രതിരോധിക്കാൻ സുദർശൻ ചക്രയ്ക്ക് കഴിയും.
പ്രതിരോധം മാത്രമല്ല, പ്രത്യാക്രമണത്തിനും കഴിവുള്ളതായിരിക്കും സുദർശൻ ചക്ര എന്ന സംവിധാനം.
ഇറാനിൽനിന്നും ഹമാസിൽനിന്നുമുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തടയാൻ ഇസ്രയേൽ സജ്ജമാക്കിയ അയൺഡോം മിസൈൽ, ഡ്രോൺ, ഷെൽ എന്നിവ തിരിച്ചറിഞ്ഞ് തകർക്കുന്നതാണ്.
ഓപ്പറേഷൻ സിന്ദൂറിനിടെ ആയിരത്തിലേറെ മിസൈലുകളാണ് പാകിസ്ഥാൻ തൊടുത്തുവിട്ടത്. ബാലിസ്റ്റിക് മിസൈലുകൾ ഡൽഹി ലക്ഷ്യമാക്കി എത്തിയെങ്കിലും ആകാശത്ത് വച്ച് തകർക്കാനായി.
തുർക്കി, ചൈനീസ് നിർമ്മിത ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചു. അതിനാലാണ് കരുത്തുറ്റ വ്യോമ പ്രതിരോധ സംവിധാനമൊരുക്കി രാജ്യത്തെ സുരക്ഷിതമാക്കാനുള്ള വമ്പൻ പദ്ധതി.
സുദർശൻ ചക്ര സജ്ജമാക്കുന്നതിന് കര, വായു, കടൽ, ബഹിരാകാശം എന്നിവിടങ്ങളിൽ നിന്നുള്ള വിവരശേഖരണം അനിവാര്യമാണ്. അതിനാൽ ഇനിയുള്ള വർഷങ്ങളിൽ കൂടുതൽ ചാര ഉപഗ്രഹങ്ങളും നിരീക്ഷണ സംവിധാനങ്ങളും ഇന്ത്യ വിക്ഷേപിക്കും.
വിവരങ്ങളുടെ തത്സമയ വിശകലത്തിന് ക്വാണ്ടം കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് അടക്കം സാങ്കേതിക വിദ്യകളും ഉപയോഗിക്കും.
ശത്രു രാജ്യങ്ങളുടെ താഴ്ന്നു പറക്കുന്ന യുദ്ധ വിമാനങ്ങൾ മുതൽ, ഡ്രോണുകളും മിസൈലുകളും വരെ നിമിഷ വേഗത്തിൽ പ്രതിരോധിച്ച് നശിപ്പിക്കാൻ ശേഷിയുള്ളതാണ് സംയോജിത വ്യോമ പ്രതിരോധ ആയുധ സംവിധാനം.
നിർമിത ബുദ്ധിയുടെ സഹായത്തോടെ, രാജ്യത്തിന്റെ കര, ആകാശ, കടൽ നിരീക്ഷണം ശക്തമാക്കി ശത്രുവിന്റെ കടന്നുകയറ്റം തടയുന്നതായിരിക്കും സുദർശൻ ചക്ര.
ഇനിമുതൽ ഇന്ത്യ എല്ലാ യുദ്ധക്കപ്പലുകളും തദ്ദേശീയമായി നിർമ്മിക്കുമെന്നും, നാവികസേന മറ്റു രാജ്യങ്ങളിൽ നിന്ന് യുദ്ധക്കപ്പലുകൾ വാങ്ങില്ലെന്നും പ്രതിജ്ഞയെടുത്തതായി രാജ്‌നാഥ് സിംഗ് വെളിപ്പെടുത്തിയിട്ടുണ്ട്.
തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും എത്രത്തോളം വിജയിച്ചുവെന്നത് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു. ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 24,000 കോടി രൂപയായി വർദ്ധിച്ചതായും അദ്ദേഹം പറഞ്ഞു. 2014ൽ 700 കോടി രൂപയായിരുന്നു.
തദ്ദേശീയമായി വികസിപ്പിക്കുന്ന വ്യോമപ്രതിരോധ സംവിധാനമായ സുദർശൻ ചക്ര, സുഹൃത്ത് രാജ്യങ്ങൾക്ക് വിൽക്കാനും പദ്ധതിയുണ്ടെന്നാണ് സൂചന.