/sathyam/media/media_files/2025/09/02/photos109-2025-09-02-17-46-23.jpg)
ന്യൂഡല്‍ഹി: വോട്ടർ അധികാർ യാത്രയ്ക്കിടെയുള്ള ആർജെഡി -കോൺഗ്രസ് പ്രവർത്തകർ തന്റെ മരിച്ചുപോയ അമ്മയെ വരെ അധിക്ഷേപിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
മരിച്ചുപോയ തന്റെ അമ്മയ്‌ക്കെതിരായ അധിക്ഷേപങ്ങൾ രാജ്യത്തെ എല്ലാ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും, പ്രത്യേകിച്ച് ബിഹാറിനും അപമാനമാണെന്ന് മോദി പറഞ്ഞു. ഇത്തരത്തിലുള്ള രാഷ്ട്രീയം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
'ബിഹാർ രാജ്യ ജീവിക സാഖ് സഹകാരി സംഘ് ലിമിറ്റഡ്' സഹകരണ സ്ഥാപനത്തിന്റെ ഉദ്ഘാടന വേളയിൽ വിഡിയോ കോൺഫറൻസിംഗിലൂടെ സംസാരിക്കുന്നതിനിടെയാണ് മോദി വികാരാധീനനായി സംസാരിച്ചത്.
'ആർജെഡി-കോൺഗ്രസ് സഖ്യം തന്റെ മരിച്ചുപോയ അമ്മയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചു. ഇത്തരം പ്രവൃത്തികൾ ബിഹാറിലെ സ്ത്രീകൾ ക്ഷമിക്കണമെന്നില്ല.
"ആർജെഡി-കോൺഗ്രസിനോട് ഞാൻ ക്ഷമിച്ചേക്കാം, പക്ഷേ എന്റെ അമ്മയെ അപമാനിച്ചതിന് ബിഹാറിലെ ജനങ്ങൾ ഒരിക്കലും അവരോട് ക്ഷമിക്കില്ല.
'ഭാരതമാതാവിനെ' അപമാനിക്കുന്നവർക്ക് എന്റെ അമ്മയെ അധിക്ഷേപിക്കുന്നത് ഒരു തെറ്റല്ല; അത്തരം ആളുകളെ ശിക്ഷിക്കണം," പ്രധാനമന്ത്രി പറഞ്ഞു.
ബിഹാറിലെ മുൻ സർക്കാരിനെ സ്ത്രീകൾ വോട്ട് ചെയ്ത് തോല്‍പ്പിച്ചതിന് പ്രതികാരം ചെയ്യാനാണ് ആർജെഡി ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
'നിങ്ങളെപ്പോലെയുള്ള കോടിക്കണക്കിന് അമ്മമാരെ സേവിക്കാൻ വേണ്ടിയാണ് എന്റെ അമ്മ എന്നെ അവരിൽ നിന്ന് അകറ്റിയത്. എന്റെ അമ്മ ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്ന് നിങ്ങൾക്കുമറിയാം..
100 വയസ് പൂർത്തിയാക്കി കുറച്ച് നാളുകൾക്ക് മുൻപ് എന്റെ അമ്മ വിട്ടുപിരിഞ്ഞു. രാഷ്ട്രീയവുമായി ബന്ധമില്ലാത്ത,ഇന്ന് ജീവിച്ചിരിക്കാത്ത അമ്മയെ കോൺഗ്രസ്-ആർജെഡി വേദിയിൽ അധിക്ഷേപിച്ചു.
അമ്മമാരെ, എനിക്ക് നിങ്ങളുടെ മുഖങ്ങൾ കാണാൻ കഴിയുന്നുണ്ട്. നിങ്ങൾ അനുഭവിച്ച വേദന എനിക്ക് ഊഹിക്കാനാകും. ചില അമ്മമാരുടെ കണ്ണുകളിൽ ഞാൻ കണ്ണീര് കാണുന്നുണ്ട്'. മോദി പറഞ്ഞു.
'അമ്മയാണ് എന്റെ ലോകം. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും മോദി പറഞ്ഞു.