/sathyam/media/media_files/2025/09/03/photos139-2025-09-03-22-41-25.jpg)
ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടക്കുന്ന 56-ാമത് ജിഎസ്ടി കൗൺസിൽ യോഗം പുരോഗമിക്കുന്നു. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നികുതി സ്ലാബുകളിൽ മാറ്റം വന്നതായാണ് റിപ്പോർട്ട്.
ജിഎസ്ടി കൗൺസിലിൽ 12 ശതമാനം, 28 ശതമാനം നികുതി സ്ലാബുകൾ ഒഴിവാക്കി പകരം 5 ശതമാനവും 18 ശതമാനവും എന്ന ദ്വി-നികുതി നിരക്ക് ഘടന അംഗീകരിച്ചതായി ഉന്നതവൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ നികുതി നിരക്ക് ഘടന സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും.
ഇത് 93,000 കോടി രൂപയുടെ വരുമാന നഷ്ടത്തിന് കാരണമാകും. എന്നിരുന്നാലും, ആഡംബര ഉത്പന്നങ്ങൾക്കായി 40 ശതമാനം സ്ലാബ് ഏർപ്പെടുത്തുന്നത് വഴി 45,000 കോടി രൂപ ഖജനാവിലേക്ക് അധികമായി ലഭിക്കുമെന്നും, അതുവഴി നഷ്ടം നികത്താൻ കഴിയുമെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു.
ജിഎസ്ടി കൗൺസിലിന്റെ സമവായത്തോടെയാണ് എല്ലാ തീരുമാനങ്ങളും എടുത്തതെന്നും വോട്ടിംഗ് നടന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ, വരുമാന നഷ്ടത്തിന് സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരത്തെക്കുറിച്ച് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല.
സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും പരിഷ്കാരം മൂലം വലിയ നഷ്ടമുണ്ടാകുമെന്ന് 56-ാമത് ജി.എസ്.ടി കൗൺസിൽ യോഗ ചർച്ചയിൽ പങ്കെടുത്ത പ്രതിപക്ഷ ധനമന്ത്രിമാർ ചൂണ്ടിക്കാട്ടി.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ നടക്കുന്ന രണ്ടു ദിവസത്തെ കൗൺസിൽ യോഗം വ്യാഴാഴ്ച സമാപിക്കും.
ഒരു പഠനവും നടത്താതെയാണ് കേന്ദ്രം പരിഷ്കരണത്തിനൊരുങ്ങുന്നതെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. നടപടി നിമിത്തം കേരളത്തിന് 8000 കോടി രൂപയുടെ നഷ്ടമുണ്ടാകും.
ഇത് നികത്താനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും ബാലഗോപാൽ ആവശ്യപ്പെട്ടു. നികുതി പരിഷ്കരണത്തിലൂടെ സംസ്ഥാനങ്ങളുടെ വരുമാനം വീണ്ടും കുറയുമെന്നാണ് ആശങ്ക.
കഴിഞ്ഞദിവസം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗത്തിൽ സമാന ആശങ്ക ഉയർന്നിരുന്നു.
കേരളത്തിന് പുറമെ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന ജമ്മു -കശ്മീരും ബംഗാളും കർണാടകയും തമിഴ്നാടുമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പരിഷ്കരണത്തിൽ ആശങ്ക അറിയിച്ചിട്ടുണ്ട്.
സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം നികത്താനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.