/sathyam/media/media_files/2025/07/15/rahul-gandhi-untitledodi-2025-07-15-11-10-23.jpg)
ന്യൂഡൽഹി: സിഖ് വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണത്തിലെ വാരണസി കോടതി ഉത്തരവിനെതിരെ രാഹുല്‍ ഗാന്ധി നല്‍കിയ ഹർജി അലഹബാദ് ഹൈക്കോടതി വിധി പറയാൻ മാറ്റിവച്ചു.
2024 സെപ്റ്റംബറിൽ അമേരിക്കയിൽ നടന്ന പരിപാടിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഇന്ത്യയിലെ സാഹചര്യം സിഖുകാര്‍ക്ക് അനുയോജ്യമല്ലെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നത്.
രാഹുല്‍ ഗാന്ധിക്കെതിരെ പരാതിക്കാരനായ നാഗേശ്വർ മിശ്ര നല്‍കിയ ഹർജി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയെങ്കിലും വാരണാസിയിലെ പ്രത്യേക കോടതി വീണ്ടും പരിഗണിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഇതിനെതിരെയാണ് രാഹുല്‍ഗാന്ധി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. വാരണാസി കോടതിയുടെ തീരുമാനം നിയമവിരുദ്ധവും അധികാരപരിധിക്ക് പുറത്തുള്ളതും എന്നാണ് രാഹുല്‍ ഗാന്ധിയുടെ വാദം.
യുഎസിലെ തന്റെ പ്രസംഗത്തിൽ സിഖ് സമൂഹത്തെ കലാപത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നും തന്റെ മുഴുവൻ പ്രസംഗവും കോടതി പരിഗണിച്ചില്ലെന്നും രാഹുൽ ഗാന്ധി കോടതിയിൽ പറഞ്ഞു.
രാഹുലിന്റെയും സർക്കാരിന്റെയും വാദം കേട്ട ശേഷം ജസ്റ്റിസ് സമീർ ജെയിനിന്റെ ബെഞ്ച് കേസ് വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു.