പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ ഇല്ലാത്തതിൽ സ്വമേധയാ കേസ് എടുത്ത് സുപ്രിംകോടതി

സുപ്രിംകോടതിയുടെ ഉത്തരവിന് ശേഷവും നിരവധി പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി കാമറകൾ ഇല്ലാത്തതും, ദൃശ്യങ്ങൾ നഷ്ടപ്പെട്ടതായുള്ള വാദങ്ങളും അധികരിച്ചതോടെയാണ് കോടതി ഇടപെടൽ. 

New Update
Untitled

ന്യൂഡൽഹി: പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ ഇല്ലാത്തതിൽ സ്വമേധയാ കേസ് എടുത്ത് സുപ്രിംകോടതി. ദൈനിക് ഭാസ്‌കർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. 

Advertisment

ഈ വർഷം 11 പേർ പൊലീസ് കസ്റ്റഡിയിൽ മരിച്ചുവെന്നായിരുന്നു റിപ്പോർട്ട്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് എടുത്തത്.


നേരത്തെ രാജ്യത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും ശബ്ദം റെക്കോർഡ് ചെയ്യാനും, രാത്രികാല നിരീക്ഷണവുമടക്കം സാധ്യമാകുന്ന സിസിടിവി കാമറകൾ നിർബന്ധമായും സ്ഥാപിക്കണമെന്ന് നിർദേശിച്ചിരുന്നു. 


സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ, എൻഐഎ അടക്കമുള്ള ഏജൻസികളുടെ ഓഫീസുകളിലും സിസിടിവി ഘടിപ്പിക്കണമെന്നായിരുന്നു നിർദേശം.

പൊലീസ് സ്റ്റേഷനുകളിലെ ലോക്കപ്പ് ഉൾപ്പടെയുള്ള എല്ലാ ഭാഗത്തും സിസിടിവി ഉണ്ടായിരിക്കണമെന്നും ദൃശ്യങ്ങൾ 18 മാസം വരെ സൂക്ഷിക്കാനുള്ള സൗകര്യമുണ്ടായിരിക്കണമെന്നുമായിരുന്നു സുപ്രിംകോടതിയുടെ നിർദേശം.


എന്നാൽ സുപ്രിംകോടതിയുടെ ഉത്തരവിന് ശേഷവും നിരവധി പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി കാമറകൾ ഇല്ലാത്തതും, ദൃശ്യങ്ങൾ നഷ്ടപ്പെട്ടതായുള്ള വാദങ്ങളും അധികരിച്ചതോടെയാണ് കോടതി ഇടപെടൽ. 


സാങ്കേതിക തകരാറുകൾ ഉന്നയിച്ച് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസുകളിൽ നിന്ന് തടിയൂരാൻ പൊലീസ് ഏജൻസികൾ ശ്രമിക്കുന്നുവെന്ന ആരോപണങ്ങളും ശക്തമാണ്. ഈ പശ്ചാത്തലത്തിലാണ് സുപ്രിംകോടതി വീണ്ടും ഇടപെടൽ നടത്തിയത്.

സിസിടിവി വാങ്ങിക്കുന്നതും, സ്ഥാപിക്കുന്നതും, അതിന്റെ പരിപാലനം തുടങ്ങിയവയിൽ കൃത്യമായ നിരീക്ഷണം നടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കോടതി നിർദേശം നൽകി. 

കസ്റ്റഡി മരണവും, ഗുരുതര പരിക്കുകൾ സംഭവിച്ചവർക്കും മനുഷ്യാവകാശ കമ്മീഷനെയോ, കോടതിയെയോ സമീപിക്കുന്നതിന് സിസിടിവി ദൃശ്യങ്ങൾ തെളിവുകൾ ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.

Advertisment