ഡല്‍ഹി: നിരോധിത ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ (ഐഎം) സഹസ്ഥാപകന്‍ യാസിന്‍ ഭട്കലിന് അമ്മയോട് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി അനുമതി നല്‍കി.
ഭട്കല്‍ അമ്മയോട് ഹിന്ദിയില്‍ മാത്രമേ സംസാരിക്കാവൂ എന്നും കോടതി ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുരക്ഷാ ആവശ്യങ്ങള്‍ക്കായി ആശയവിനിമയം രേഖപ്പെടുത്താന്‍ ജയില്‍ സൂപ്രണ്ടിനും അനുമതി നല്‍കിയിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള ഒന്നിലധികം ഭീകരാക്രമണങ്ങളുടെ മുഖ്യ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഭട്കലിനെ 2013-ലാണ് ബിഹാര്‍-നേപ്പാള്‍ അതിര്‍ത്തിക്ക് സമീപത്തുനിന്ന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തത്.
ഈ മാസം ആദ്യം ഹൃദയശസ്ത്രക്രിയക്ക് വിധേയയായതും ആരോഗ്യനില അതീവഗുരുതരമായതും കണക്കിലെടുത്താണ് ഭട്കലിന് അമ്മയോട് സംസാരിക്കാന്‍ കോടതി അനുമതി നല്‍കിയത്.
കഴിഞ്ഞ 13 വര്‍ഷമായി ഭട്കല്‍ തന്റെ കുടുംബവുമായി സംസാരിച്ചിട്ടില്ലെന്ന് ഭട്കലിന്റെ അഭിഭാഷകനും കോടതിയില്‍ ബോധിപ്പിച്ചു.
അന്വേഷണ ഉദ്യോഗസ്ഥന്‍ അമ്മയുടെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച് അവ യഥാര്‍ത്ഥമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്.