Advertisment

ആദായ നികുതിയിലെ വമ്പന്‍ ഇളവ് ഡല്‍ഹി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്. ഡല്‍ഹിയില്‍ 12ലക്ഷത്തിന്റെ ആദായനികുതി ഇളവ് വോട്ടായി മാറും. ആംആദ്മിയെ മലര്‍ത്തിയടിക്കാനുള്ള ബിജെപിയുടെ പൂഴിക്കടകനായി നികുതിയിളവ്. ഡല്‍ഹിയിലെ വാഗ്ദാനങ്ങള്‍ കേട്ടാല്‍ കണ്ണുതള്ളും. വെള്ളവും കറണ്ടും യാത്രയും വിദ്യാഭ്യാസവും ഭക്ഷണവുമെല്ലാം സൗജന്യം. സ്ത്രീകള്‍ക്ക് മാസം 2500 രൂപയും പി.ജി വരെ സൗജന്യ വിദ്യാഭ്യാസവും

ഇതുവരെ എല്ലാ പാർട്ടികളും നൽകിയ വാഗ്ദാനങ്ങളെയെല്ലാം കടത്തിവെട്ടുന്നതാണ് 12.75 ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതി ഒഴിവാക്കിയ ബജറ്റിലെ പ്രഖ്യാപനം.

New Update
bjpUntitledbudj

ഡൽഹി: 12ലക്ഷം വരെ വരുമാനമുള്ളവർക്ക് ആദായനികുതി ഇളവ് അനുവദിച്ച ബജറ്റിലെ സുപ്രധാന തീരുമാനം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ്. രാജ്യം ഇന്നു വരെ കണ്ടിട്ടില്ലാത്ത അത്രയും വാശിയേറിയ രാഷ്ട്രീയ പോരാണ് ഡൽഹിയിൽ നടക്കുന്നത്.

Advertisment

ഏതു വിധേനയും തിരഞ്ഞെടുപ്പിൽ ജയിക്കാൻ ആം ആദ്മി പാർട്ടിയും ബിജെപിയും പൊരിഞ്ഞ പോരിലാണ്. ജനങ്ങൾക്ക് സൗജന്യവാഗ്ദാനങ്ങൾ നൽകുന്നതിലും ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നതിലും പാർട്ടികൾ മത്സരിക്കുകയാണ്


ഇതുവരെ എല്ലാ പാർട്ടികളും നൽകിയ വാഗ്ദാനങ്ങളെയെല്ലാം കടത്തിവെട്ടുന്നതാണ് 12.75 ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതി ഒഴിവാക്കിയ ബജറ്റിലെ പ്രഖ്യാപനം.

മദ്ധ്യവ‌ർഗക്കാരും ശമ്പളക്കാരും ഏറെയുള്ള ഡൽഹിയിൽ ഇത് ബിജെപിക്ക് വൻ നേട്ടമുണ്ടാക്കുമെന്നതിൽ സംശയമില്ല. ജനങ്ങൾക്ക് സൗജന്യങ്ങളുടെ പെരുമഴയുമായാണ് ഡൽഹിയിൽ രാഷ്ട്രീയ പാർട്ടികൾ പ്രകടന പത്രിക പുറത്തിറക്കിയിട്ടുള്ളത്.

വൈദ്യുതിയും വെള്ളവും നിശ്ചിതപരിധി വരെ സൗജന്യമാക്കിയാണ് കഴിഞ്ഞ തവണ ആം ആദ്മി പാർട്ടി വിജയിച്ചത്. സമാന രീതിയിലാണ് ബിജെപി അടക്കം എല്ലാ പാർട്ടികളും ഇത്തവണ വാഗ്ദാനങ്ങൾ നൽകുന്നത്.

സ്ത്രീകൾക്ക് മാസം 2100 രൂപ നൽകുമെന്ന വാഗ്ദാനത്തിൽ എ.എ.പി.യെ കടത്തിവെട്ടി 2500 രൂപ നൽകുമെന്നാണ് ബി.ജെ.പി.യും കോൺഗ്രസും പ്രഖ്യാപിച്ചിരിക്കുന്നത്. സ്ത്രീകളുടെ സൗജന്യ ബസ് യാത്രയും മുതിർന്ന പൗരർക്കുള്ള സൗജന്യ തീർത്ഥയാത്രയുമടക്കം നിലവിലെ ആനുകൂല്യങ്ങൾ തുടരുമെന്ന് മൂന്ന് പാർട്ടികളും വ്യക്തമാക്കിയുണ്ട്.

ഭരണകക്ഷിയായ ആം ആദ്മിയാണ് ഡൽഹിയിൽ വാഗ്ദാനങ്ങളിൽ മുന്നിൽ.


സ്ത്രീകൾക്ക് മാസം 2100 രൂപ, 60 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ, വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര, മെട്രോ ട്രെയിനിൽ 50 ശതമാനം നിരക്കിളവ്, എല്ലാവർക്കും റേഷൻ കാർ‍ഡ്, പാവപ്പെട്ടവർക്കു സൗജന്യ റേഷൻ, 24 മണിക്കൂറും മുടക്കമില്ലാതെ ശുദ്ധജലവിതരണം, പിഴവ് വന്ന ശുദ്ധജല ബില്ലുകൾ എഴുതിത്തള്ളും, ദളിത് വിദ്യാർഥികൾക്ക് വിദേശപഠനത്തിന് സ്‌കോളർഷിപ്പ്, പൂജാരിമാർക്കും സിഖ് പുരോഹിതർക്കും മാസം 18,000 രൂപ, ഓട്ടോ-ടാക്സി-റിക്ഷാ ഡ്രൈവർമാർക്ക് 10 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസും പെൺകുട്ടികളുടെ വിവാഹത്തിന് ഒരുലക്ഷം രൂപയും, വാടകയ്ക്കു താമസിക്കുന്നവർക്കും സൗജന്യ വൈദ്യുതിയും ശുദ്ധജലവും,  റസിഡന്റ് വെൽഫെയർ അസോസിയേഷനുകളിൽ സുരക്ഷാ ജീവനക്കാരുടെ ശമ്പളം സർക്കാർ നൽകും, തൊഴിലില്ലായ്മയ്ക്ക് പരിഹാരം ഇങ്ങനെയാണ് ആംആദ്മിയുടെ വാഗ്ദാനപ്പെരുമഴ


ഇതിനെ മറികടക്കുന്നതാണ് ബിജെപിയുടെ വാഗ്ദാനങ്ങൾ. സ്ത്രീകൾക്ക് മാസം 2500 രൂപ, ഗർഭിണികൾക്ക് 21,000 രൂപയുടെ സഹായം, 500 രൂപയ്ക്ക് പാചകവാതക സിലിൻഡർ, ഹോളിക്കും ദീപാവലിക്കും സൗജന്യം, ചേരിപ്രദേശങ്ങളിൽ 5 രൂപയ്ക്ക് ഭക്ഷണം നൽകുന്ന അടൽ കാന്റീനുകൾ, മുതിർന്ന പൗരർക്ക് പ്രയോജനപ്പെടാൻ ആയുഷ്മാൻ ഭാരത് പദ്ധതി, മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് ഒറ്റത്തവണ 15,000 രൂപ, നിർധന വിദ്യാർഥികൾക്ക് പി.ജി. വരെ സൗജന്യവിദ്യാഭ്യാസം,  ഓട്ടോ-ടാക്സി-റിക്ഷാ ഡ്രൈവർമാർക്കും ഗാർഹിക തൊഴിലാളികൾക്കും ഗിഗ് വർക്കർമാർക്കും 10 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് എന്നീ വാഗ്ദാനങ്ങളുമായാണ് ബിജെപി ഡൽഹിയിൽ വോട്ടു തേടുന്നത്.

വാഗ്ദാനങ്ങൾ നൽകുന്നതിൽ കോൺഗ്രസും ഒട്ടും പിന്നിലല്ല. സ്ത്രീകൾക്ക് മാസം 2500 രൂപ, 500 രൂപയ്ക്ക് പാചകവാതക സിലിണ്ടർ, യുവാക്കൾക്ക് 8500 രൂപ തൊഴിൽരഹിത വേതനം, 25 ലക്ഷം രൂപവരെ ചികിത്സയ്ക്ക് ആരോഗ്യക്ഷേമ പദ്ധതി, 300 യൂണിറ്റുവരെ വൈദ്യുതി സൗജന്യം, ഭക്ഷ്യധാന്യങ്ങളടങ്ങിയ സൗജന്യ റേഷൻ കിറ്റ് മാസംതോറും നൽകും എന്നിങ്ങനെ വാഗ്ദാനങ്ങളാണ് കോൺഗ്രസ് ജനങ്ങൾക്ക് നൽകുന്നത്.

‘കേജ്‌രിവാൾ കി ഗാരന്റി’ (കേജ്‌രിവാളിന്റെ ഉറപ്പ്) എന്ന പേരിലാണ് ആംആദ്മി പാർട്ടി പ്രകടന പത്രിക പുറത്തിറക്കിയത്.

ബിജെപി അധികാരത്തിലെത്തിയാൽ ഡൽഹിയിൽ എഎപി ജനങ്ങൾക്കു നൽകിയ സൗജന്യങ്ങളെല്ലാം നിർത്തലാക്കുമെന്നും അതുവഴി ഒരു കുടുംബത്തിന് പ്രതിമാസം 25,000 രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നുമാണ് കേജരിവാൾ പ്രചരിപ്പിക്കുന്നത്.

ഇതിനിടെയാണ് 12ലക്ഷം വരെ വരുമാനക്കാർക്ക് ആദായനികുതി ഒഴിവാക്കിയുള്ള കേന്ദ്രബജറ്റിലെ വമ്പൻ പ്രഖ്യാപനത്തിലൂടെ ബിജെപി തിരഞ്ഞെടുപ്പ് ഗോദയിൽ മേൽക്കൈ നേടിയത്.

Advertisment