നോയിഡയിൽ വാതുവെപ്പ് സംഘം പിടിയിൽ; കണ്ടെടുത്ത ഫോണിൽ ഡൽഹി സ്കൂൾ ബോംബ് ഭീഷണികളുടെ തെളിവുകൾ

ഗാസിയാബാദിലെ ഇന്ദിരാപുരത്തും ഗ്രേറ്റര്‍ നോയിഡയിലെ ഷാബേരിയിലും കോള്‍ സെന്ററുകളുടെ മറവിലായിരുന്നു ഇവരുടെ പ്രവര്‍ത്തനം.

New Update
Untitled

നോയിഡ: അന്തര്‍സംസ്ഥാന ഓണ്‍ലൈന്‍ വാതുവെപ്പ് സംഘത്തെ നോയിഡ പോലീസ് പിടികൂടി. ആറ് പേരാണ് അറസ്റ്റിലായത്.

Advertisment

ഈ സംഘത്തില്‍ നിന്ന് പിടിച്ചെടുത്ത ഒരു മൊബൈല്‍ ഫോണ്‍, കഴിഞ്ഞ മാസങ്ങളില്‍ ഡല്‍ഹിയിലെ സ്‌കൂളുകളെ മുള്‍മുനയില്‍ നിര്‍ത്തിയ ബോംബ് ഭീഷണി ഇമെയിലുകള്‍ക്ക് പിന്നിലെ രഹസ്യം പുറത്തുകൊണ്ടുവരാന്‍ സഹായിക്കുമെന്നാണ് പോലീസ് കരുതുന്നത്. സ്‌കൂളുകളിലേക്ക് അയച്ച നിരവധി ഭീഷണി സന്ദേശങ്ങള്‍ ഈ ഫോണില്‍ കണ്ടെത്തിയിട്ടുണ്ട്.


സ്‌കൂള്‍ ഭീഷണികള്‍ക്ക് പിന്നിലെ 'റിക്കവറി ഇമെയില്‍' കേന്ദ്രീകരിച്ച് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്.

ജനുവരി 23-ന് ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ലഭിച്ച ഭീഷണി സന്ദേശത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് നേപ്പാള്‍ സ്വദേശികള്‍ ഉള്‍പ്പെട്ട ഈ സംഘം പിടിയിലാവുന്നത്.

ഭീഷണി സന്ദേശങ്ങള്‍ അമേരിക്കയില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് തോന്നിപ്പിക്കുമെങ്കിലും, അതിന്റെ റിക്കവറി ഇമെയിലുകള്‍ക്ക് ഇന്ത്യയുമായും ബംഗ്ലാദേശുമായും ബന്ധമുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗ്രേറ്റര്‍ നോയിഡയിലെ കേന്ദ്രം പോലീസ് വളഞ്ഞത്.


അമീഷ് ജംഗ് കാര്‍ക്കി (നേപ്പാള്‍), അനന്ത് കുമാര്‍ (ആഗ്ര), ദിവ്യാന്‍ഷു (ബീഹാര്‍), സാഹില്‍ കുമാര്‍ (ബീഹാര്‍), ലേഖ്നാഥ് ശര്‍മ്മ (നേപ്പാള്‍), കേദാര്‍നാഥ് (നേപ്പാള്‍) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ മുഖ്യപ്രതിയായ അമീഷ് ഓസ്ട്രേലിയയില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആളാണ്.


ഗാസിയാബാദിലെ ഇന്ദിരാപുരത്തും ഗ്രേറ്റര്‍ നോയിഡയിലെ ഷാബേരിയിലും കോള്‍ സെന്ററുകളുടെ മറവിലായിരുന്നു ഇവരുടെ പ്രവര്‍ത്തനം.

അമേരിക്കന്‍ പേരുകളിലുള്ള വ്യാജ ഇമെയില്‍ ഐഡികളാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. പോലീസിനെ വെട്ടിക്കാനായി വിപിഎന്‍, വ്യാജ ജിപിഎസ് ലൊക്കേഷന്‍ ആപ്പുകള്‍ എന്നിവ ഇവര്‍ ഉപയോഗിച്ചിരുന്നു.

അമേരിക്ക, ഇന്ത്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ആളുകളെ ഓണ്‍ലൈന്‍ വാതുവെപ്പില്‍ പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചായിരുന്നു തട്ടിപ്പ്.

Advertisment