ഡല്‍ഹി: കാമുകനെ വിവാഹം കഴിക്കാന്‍ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ഡല്‍ഹിയിലെ അശോക് വിഹാര്‍ പ്രദേശത്താണ് സംഭവം.
അശോക് വിഹാറിലെ ദീപ് ചന്ദ് ബന്ധു ആശുപത്രിയില്‍ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ എത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്
പോലീസ് ആശുപത്രിയിലെത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും പെണ്‍കുട്ടിയുടെ അമ്മയെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ യുവതി കുട്ടിയെ താന്‍ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് സമ്മതിച്ചതായി പോലീസ് അറിയിച്ചു.
നേരത്തെ ഹിമാചല്‍ പ്രദേശില്‍ താമസിച്ചിരുന്ന യുവതി ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് ഡല്‍ഹിയില്‍ എത്തുകയായിരുന്നു. അടുത്തിടെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട രാഹുല്‍ എന്നയാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.
എന്നാല്‍ കുഞ്ഞിനെ സ്വീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് രാഹുലിന്റെ വീട്ടുകാര്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചു. രാഹുലിന്റെ വീട്ടുകാരുടെ പ്രതികരണത്തില്‍ മനംനൊന്ത് യുവതി പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.
ഡല്‍ഹിയില്‍ എത്തുന്നതിന് മുമ്പ് ബന്ധുവായ ഒരാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി യുവതി പറഞ്ഞതായും പോലീസ് വെളിപ്പെടുത്തി.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ നിന്നുള്ള പോക്സോ നിയമപ്രകാരം ഭാരതീയ ന്യായ് സന്‍ഹിതയിലെ 103, 65 (2) വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു, കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.