ചെങ്കോട്ട സ്‌ഫോടനം: ഭീകരര്‍ക്ക് പാകിസ്ഥാനില്‍ നിന്നുള്ള ഭീകരസംഘ നേതാവ് ബോംബ് നിര്‍മ്മാണ വീഡിയോകള്‍ നല്‍കി. ഡോ. മുസമില്‍ ഷക്കീലിന് ബോംബ് നിര്‍മ്മാണ വീഡിയോകള്‍ കൈമാറിയത് 'ഹന്‍സുള്ള'

മൗലവി ഇര്‍ഫാനാണ് ഡോക്ടര്‍മാരെ ഭീകരസംഘടനയിലേക്ക് ആകര്‍ഷിച്ചു കൊണ്ടു വരുന്നതും, വൈറ്റ് കോളര്‍ മൊഡ്യൂള്‍ രൂപീകരിക്കാന്‍ നേതൃത്വം വഹിച്ചതും

New Update
redfort

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തിന് ആസൂത്രണം നടത്തിയ ഭീകരര്‍ക്ക് പാകിസ്ഥാനില്‍ നിന്നുള്ള ഭീകരസംഘ നേതാവ് ബോംബ് നിര്‍മ്മാണ വീഡിയോകള്‍ നല്‍കിയിരുന്നതായി കണ്ടെത്തല്‍.

Advertisment

പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഭീകരനായ ഹാന്‍ഡ്‌ലര്‍ 'ഹന്‍സുള്ള' എന്നായാളാണ്, അറസ്റ്റിലായ ഡോക്ടര്‍ ഡോ. മുസമില്‍ ഷക്കീലിന് ബോംബ് നിര്‍മ്മാണ വീഡിയോകള്‍ കൈമാറിയത്.

 'ഹന്‍സുള്ള' വ്യാജ പേരാണെന്നും അന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നു.

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ നിന്നുള്ള പുരോഹിതനായ മൗലവി ഇര്‍ഫാന്‍ അഹമ്മദ് വഴിയാണ് 'ഹന്‍സുള്ള' ഡോക്ടര്‍ മുസമ്മിലുമായി ബന്ധപ്പെട്ടിരുന്നതെന്ന് എന്‍ഐഎ സൂചിപ്പിക്കുന്നു. 

മൗലവി ഇര്‍ഫാനാണ് ഡോക്ടര്‍മാരെ ഭീകരസംഘടനയിലേക്ക് ആകര്‍ഷിച്ചു കൊണ്ടു വരുന്നതും, വൈറ്റ് കോളര്‍ മൊഡ്യൂള്‍ രൂപീകരിക്കാന്‍ നേതൃത്വം വഹിച്ചതും.

 ഫരീദാബാദ് അല്‍ ഫലാഹ് സര്‍വകലാശാലയിലെ ഡോക്ടര്‍ മുസമ്മില്‍ ഷക്കീലിനെയാണ് മൗലവി സംഘത്തിലേക്ക് ആദ്യം റിക്രൂട്ട് ചെയ്തത്.

തുടര്‍ന്ന് ഡോക്ടര്‍ മുസമ്മില്‍ ഷക്കീല്‍ അല്‍ ഫലാഹ് സര്‍വകലാശാലയിലെ സമാന ചിന്താഗതിക്കാരായ ഡോക്ടര്‍മാരായ മുസാഫര്‍ അഹമ്മദ്, അദീല്‍ അഹമ്മദ് റാത്തര്‍, ഷഹീന്‍ സയീദ് എന്നിവരെ കണ്ടുമുട്ടുകയും അവരെ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്തു. 

ഷക്കീലാണ് സ്‌ഫോടക വസ്തുക്കളെല്ലാം എത്തിച്ചു നല്‍കിയത്. ഡല്‍ഹിയില്‍ സ്ഫോടനം നടത്തിയ വെളുത്ത ഹ്യുണ്ടായ് ഐ20 കാര്‍ ചാവേര്‍ ബോംബര്‍ ഉമര്‍ മുഹമ്മദ് എന്ന ഉമര്‍-ഉന്‍-നബിക്ക് കൈമാറിയതിലും ഷക്കീലിന് പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ സൂചിപ്പിക്കുന്നു.

Advertisment