ചണ്ഡീഗഡ്: ദേര സച്ചാ സൗദ തലവനും ബലാത്സംഗക്കേസിലെ പ്രതിയുമായ ഗുര്‍മീത് റാം റഹീം സിംഗ് 20 ദിവസത്തെ പരോളില്‍ പുറത്തിറങ്ങി.
ഹരിയാനയിലെ റോഹ്തക്കിലെ സുനാരിയ ജയിലില്‍ നിന്ന് ബുധനാഴ്ചയാണ് ഗുര്‍മീത് പുറത്തിറങ്ങിയത്. മോചന കാലയളവില്‍ ഇയാള്‍ ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലെ ബര്‍ണാവയിലുള്ള ദേരാ ആശ്രമത്തില്‍ താമസിക്കും.
ഇന്ന് രാവിലെ കനത്ത സുരക്ഷയിലാണ് അദ്ദേഹം ജയിലില്‍ നിന്ന് പുറത്തിറങ്ങിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനും പ്രസംഗങ്ങള്‍ നടത്തുന്നതിനും ഈ കാലയളവില്‍ സംസ്ഥാനത്ത് തങ്ങുന്നതിനുമാണ് ഹരിയാന സര്‍ക്കാര്‍ 20 ദിവസത്തെ പരോള്‍ അനുവദിച്ചത്.
തന്റെ രണ്ട് ശിഷ്യരെ ബലാത്സംഗം ചെയ്ത കേസില്‍ 2017 മുതല്‍ 20 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ് സിംഗ്.
16 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ദേര മേധാവിയും മറ്റ് മൂന്ന് പേരും 2019ല്‍ ശിക്ഷിക്കപ്പെട്ടിരുന്നു. ഒക്ടോബര്‍ അഞ്ചിന് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് 20 ദിവസത്തെ പരോളിന് അപേക്ഷിച്ചത്.