മുംബൈ: ബിഹാറില്‍ ബിജെപിയുടെ ഭൂരിപക്ഷം പരിഗണിക്കാതെ ജെഡിയു നേതാവ് നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കിയത് പോലെ ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെയെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം തള്ളി ബിജെപി രംഗത്ത്.
മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് അധികാരത്തിലെത്തണമെന്നാണ് ബിജെപിയുടെ നിലപാട്.
ബിഹാറില്‍ സംസ്ഥാന നിയമസഭയില്‍ ബിജെപിക്ക് കൂടുതല്‍ അംഗബലമുണ്ടെങ്കിലും ജെഡിയു തലവന്‍ നിതീഷ് കുമാറിനെയാണ് മുഖ്യമന്ത്രിയായി എന്‍ഡിഎ തിരഞ്ഞെടുത്തത്.
എന്നാല്‍ മഹാരാഷ്ട്രയില്‍ ബിഹാറിന് സമാനമായ സാഹചര്യം ഉണ്ടാകുമെന്ന സൂചനകള്‍ ബിജെപി വക്താവ് പ്രേം ശുക്ല തള്ളിക്കളഞ്ഞു, പാര്‍ട്ടിക്ക് ശക്തമായ സംഘടനാ അടിത്തറയും നേതൃത്വവും ഉണ്ടെന്ന് അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കിയത് ബിഹാറിലെ പ്രചാരണത്തിനിടെ നല്‍കിയ പ്രതിബദ്ധത മാനിച്ചാണെന്നും മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് ശേഷം ഏകനാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി തുടരുന്നതിന് പാര്‍ട്ടി അത്തരം പ്രതിജ്ഞാബദ്ധത നല്‍കിയിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.
ഫലപ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് ബിജെപി തെരഞ്ഞെടുപ്പിലുടനീളം വ്യക്തമാക്കിയിട്ടുണ്ടെന്നും ശുക്ല പറഞ്ഞു.
നേരത്തെ, 'ബീഹാര്‍ മോഡല്‍' ഉദ്ധരിച്ച് ഏകനാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി തുടരണമെന്ന് ശിവസേന വക്താവ് നരേഷ് മ്ഹാസ്‌കെ ആവശ്യപ്പെട്ടിരുന്നു.
ബിഹാറില്‍ ബിജെപി ഭൂകിരപക്ഷം നോക്കാതെ ജെഡിയു നേതാവ് നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കിയത് പോലെ ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇക്കാര്യത്തില്‍ മഹാരാഷ്ട്രയിലെ മഹായുതി നേതാക്കള്‍ അന്തിമ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ശിവസേന, ബി.ജെ.പി, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി എന്നിവ ഉള്‍പ്പെടുന്ന മഹായുതി സഖ്യം സംസ്ഥാന തെരഞ്ഞെടുപ്പില്‍ 288 നിയമസഭാ സീറ്റുകളില്‍ 230 സീറ്റുകള്‍ നേടിയാണ് അധികാരം നിലനിര്‍ത്തിയത്.
ബിജെപി 132, ശിവസേന 57, എന്‍സിപി 41 എന്നിങ്ങനെ സീറ്റുകള്‍ നേടി. പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എംവിഎ) കേവലം 46 സീറ്റുകള്‍ മാത്രമാണ് നേടിയത്.