/sathyam/media/media_files/2024/12/04/VylM0PIMoomElN3cH17X.jpg)
മുംബൈ: ദിവസങ്ങള്‍ നീണ്ട സസ്പെന്‍സ് അവസാനിപ്പിച്ച് മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേക്ക്.
ബുധനാഴ്ച നടന്ന നിര്‍ണായക ബി.ജെ.പി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. എന്‍സിപിയുടെ അജിത് പവാറും ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രിമാരാകും.
ഫഡ്നാവിസും ഷിന്‍ഡെയും പവാറും വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മുംബൈയിലെ ആസാദ് മൈതാനിയില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി മഹാരാഷ്ട്ര അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.
ബിജെപി യോഗത്തില്‍ മുംബൈയിലേക്ക് പാര്‍ട്ടിയുടെ നിരീക്ഷകനായി അയച്ച വിജയ് രൂപാണിയാണ് ഫഡ്നാവിസിന്റെ പേര് നിര്‍ദ്ദേശിച്ചത്. മുതിര്‍ന്ന ബിജെപി നേതാക്കളായ സുധീര്‍ മുന്‍ഗന്തിവാര്‍, പങ്കജ മുണ്ടെ എന്നിവര്‍ ഈ നിര്‍ദ്ദേശം ഏകകണ്ഠമായി അംഗീകരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹായുതിക്ക് വന്‍ ജനവിധി (288ല്‍ 232 സീറ്റ്) ലഭിച്ച് ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.
സര്‍ക്കാര്‍ രൂപീകരണത്തിന് താന്‍ ഒരു തടസ്സമാകില്ലെന്ന് ഷിന്‍ഡെ പരസ്യമായി പറയുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും തീരുമാനം അനുസരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന് ശേഷമാണ് കഴിഞ്ഞ ആഴ്ച ചര്‍ച്ചകള്‍ മുന്നോട്ട് നീങ്ങിയത്.
മഹാരാഷ്ട്രയിലെ ബിജെപിയുടെ എക്കാലത്തെയും വലിയ വിജയത്തിന്റെ മുഖ്യ ശില്പിയായാണ് ഫഡ്നാവിസിനെ കാണുന്നത്. മത്സരിച്ച 149 സീറ്റുകളില്‍ 132ലും ബിജെപി വിജയിച്ചു. മഹാരാഷ്ട്രയില്‍ ഫഡ്നാവിസിന് വേണ്ടി ആര്‍എസ്എസും ശക്തമായി രംഗത്തെത്തിയിരുന്നു.
2014-ല്‍ 44-ാം വയസ്സിലാണ് ഫഡ്നാവിസ് ആദ്യമായി മുഖ്യമന്ത്രിയായത്. ശരദ് പവാറിന് ശേഷം ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. അന്ന് ശിവസേനയുമായി ബിജെപി സഖ്യത്തിലായിരുന്നു.
2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം, മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ശിവസേന സഖ്യത്തില്‍ നിന്ന് പുറത്തായപ്പോള്‍ ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി അജിത് പവാറുമായി കൈകോര്‍ത്തു.
ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ അജിത് പവാര്‍ വീണ്ടും എന്‍സിപിയിലേക്ക് മടങ്ങിയതിനാല്‍ സര്‍ക്കാര്‍ 80 മണിക്കൂറോളം മാത്രമെ നീണ്ടുനിന്നുള്ളു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us