/sathyam/media/media_files/2025/07/31/dharmasthala-2025-07-31-14-10-41.jpeg)
ബംഗളൂരു: കർണാടകയിലെ ധർമസ്ഥലയിൽ മുൻ ശുചീകരണത്തൊഴിലാളി മൃതദേഹങ്ങൾ കുഴിച്ചിട്ടുവെന്ന് പറഞ്ഞ് കാണിച്ചുകൊടുത്ത സ്ഥലത്ത് തുടരുന്ന പരിശോധനയുടെ മൂന്നാംദിനം നിർണായക കണ്ടെത്തൽ. സ്പോട്ട് നമ്പർ ആറിൽ നടത്തിയ പരിശോധനയിൽ അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി.
എന്നാൽ, കണ്ടെടുത്ത അസ്ഥികൂടം മനുഷ്യന്റേതാണോ എന്ന് അറിയാന്‍ വിശദമായ പരിശോധന വേണമെന്ന് അന്വേഷണ സംഘം അറിയിച്ചു.
സ്ഥലം കുഴിച്ചുള്ള പരിശോധന തുടരുകയാണ്. കഴിഞ്ഞ രണ്ടു ദിവസം അഞ്ച് പോയിന്റുകളിൽ നടത്തിയ പരിശോധനയിൽ ഒന്നുംതന്നെ ലഭിച്ചിരുന്നില്ല.
ഓരോ പോയിന്റിലും സാക്ഷി ആവശ്യപ്പെടുന്നതിലും കൂടുതൽ ചുറ്റളവിലാണ് അന്വേഷണസംഘം കുഴിച്ച് പരിശോധിക്കുന്നത്.
സാക്ഷി പറഞ്ഞതനുസരിച്ച് അന്വേഷണസംഘം അതിരുകെട്ടി സുരക്ഷിതമാക്കിയ എട്ടു പോയന്റുകളാണ് ഇനി ബാക്കിയുള്ളത്.
ഇതിൽ ഇനി മൂന്നെണ്ണം കാടിനുള്ളിലാണ്. നാലു പോയിന്റുകൾ നേത്രാവതി നദിയോട് ചേർന്നുള്ള ദേശീയപാതയിലാണ്. മറ്റൊന്ന് നേത്രാവതി സ്നാനഘട്ടത്തിൽ നിന്ന് ആജുകുരിയിലേക്ക് പോകുന്ന ചെറുറോഡിലാണ്.