/sathyam/media/media_files/2026/02/20/dhule-2026-02-20-13-45-53.jpg)
ധൂലെ: വിവാഹ നിശ്ചയത്തിന്റെ സന്തോഷം നിറഞ്ഞുനില്‍ക്കേണ്ട വീട്ടില്‍ രക്തച്ചൊരിച്ചിലും കൂട്ടമരണവും.
മഹാരാഷ്ട്രയിലെ ധൂലെ ജില്ലയില്‍ വിവാഹക്ഷണക്കത്തില്‍ പേര് അച്ചടിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം കലാശിച്ചത് മൂന്ന് പേരുടെ കൊലപാതകത്തിലാണ്. പിംപല്‍നര്‍ താലൂക്കിലെ നീല്‍കാന്ത് നഗറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
വിവാഹ നിശ്ചയത്തിന്റെയും ഹല്‍ദി ചടങ്ങുകളുടെയും ഒരുക്കങ്ങള്‍ക്കിടെയാണ് രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ക്ഷണക്കത്തില്‍ പേര് വെക്കുന്നതുമായി ബന്ധപ്പെട്ട നിസ്സാര തര്‍ക്കം വാക്കേറ്റത്തിലേക്കും പിന്നീട് മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിലേക്കും മാറുകയായിരുന്നു.
ദേവേന്ദ്ര ജ്ഞാനേശ്വര്‍ പവാര്‍, സുരേഷ് മോജ്ഗിര്‍ ഗോസാവി, സാഹില്‍ സുരേഷ് ഗോസാവി എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ ഇവര്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
പങ്കജ് അശോക് ഗിര്‍, സുരേഷ് സുപാഡുഗിര്‍, സാഗര്‍ ഗോസാവി എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമായതിനാല്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കൊലപാതകം ആസൂത്രിതമാണെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തിന് മുന്നോടിയായി വാട്‌സാപ്പ് സ്റ്റാറ്റസിലൂടെ ഭീഷണി മുഴക്കിയിരുന്നതായും കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. നിസ്സാരമായ തര്‍ക്കത്തിന്റെ പേരില്‍ ഒരു കുടുംബത്തിന്റെ സന്തോഷം കവര്‍ന്ന ഈ സംഭവം പിംപല്‍നര്‍ ഗ്രാമത്തെയും ധൂലെ ജില്ലയെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us