'ധുരന്ധർ' പാട്ടിന് തോക്കേന്തി നൃത്തം; കോൺഗ്രസ് നേതാവിന്റെ വീഡിയോ പുറത്തായതോടെ പുലിവാല് പിടിച്ച് പാർട്ടി

'ധുരന്ധര്‍' എന്ന സിനിമയിലെ ഒരു രംഗം അനുകരിക്കാന്‍ വീട്ടിലെ കുട്ടികള്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് കളിപ്പാട്ടമായ തോക്കെടുത്ത് നൃത്തം ചെയ്തത്.

New Update
Untitled

കലബുറഗി: കര്‍ണാടകയില്‍ കുടുംബ ചടങ്ങിനിടെ തോക്കേന്തി നൃത്തം ചെയ്ത കോണ്‍ഗ്രസ് നേതാവിന്റെ വീഡിയോ പുറത്തുവന്നതോടെ വന്‍ വിവാദം.

Advertisment

അഫ്‌സല്‍പൂരിലെ കോണ്‍ഗ്രസ് നേതാവും എം.എല്‍.എ എം.വൈ. പാട്ടീലിന്റെ അടുത്ത അനുയായിയുമായ മതീന്‍ പട്ടേലാണ് തോക്കുമായി ഡാന്‍സ് ചെയ്ത് വെട്ടിലായത്. കലബുറഗിയിലെ ഒരു റിസോര്‍ട്ടില്‍ നടന്ന വിവാഹ ആഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവം.


വീഡിയോ വൈറലായതോടെ വിശദീകരണവുമായി മതീന്‍ പട്ടേല്‍ രംഗത്തെത്തി. താന്‍ ഉപയോഗിച്ചത് യഥാര്‍ത്ഥ തോക്കല്ലെന്നും കുട്ടികള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന കളിപ്പാട്ടമാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

'സഹോദരിയുടെ മകളുടെ വിവാഹ ചടങ്ങായിരുന്നു അത്. 'ധുരന്ധര്‍' എന്ന സിനിമയിലെ ഒരു രംഗം അനുകരിക്കാന്‍ വീട്ടിലെ കുട്ടികള്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് കളിപ്പാട്ടമായ തോക്കെടുത്ത് നൃത്തം ചെയ്തത്. ഇത് കേവലം വിനോദത്തിന് വേണ്ടി ചെയ്തതാണ്, ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ല,' മതീന്‍ പട്ടേല്‍ പറഞ്ഞു.


വീഡിയോ ശ്രദ്ധയില്‍പ്പെട്ട കലബുറഗി പോലീസ് സൂപ്രണ്ട് ശരണപ്പ എസ്.ഡി അന്വേഷണത്തിന് ഉത്തരവിട്ടു. വീഡിയോയില്‍ കാണുന്നത് യഥാര്‍ത്ഥ തോക്കാണോ ലൈസന്‍സുള്ളതാണോ അതോ കളിപ്പാട്ടമാണോ എന്ന് പരിശോധിക്കാന്‍ പ്രാദേശിക പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് എസ്.പി അറിയിച്ചു.


സംഭവം ഭരണകക്ഷിയായ കോണ്‍ഗ്രസിന് വലിയ രാഷ്ട്രീയ തലവേദനയായി മാറിയിരിക്കുകയാണ്. ഒരു പൊതു ചടങ്ങില്‍ ഉത്തരവാദിത്തപ്പെട്ട ഒരു നേതാവ് ഇത്തരത്തില്‍ പെരുമാറുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് വിമര്‍ശകരുടെ പക്ഷം.

Advertisment