യുദ്ധഭീതിയിൽ ഇറാൻ: നാടണയാൻ കഴിയാതെ ഇന്ത്യൻ വിദ്യാർത്ഥികൾ; പഠനമാണോ സുരക്ഷയാണോ വലുതെന്ന ആശങ്കയില്‍ ജമ്മു കശ്മീരില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍

ഇറാനില്‍ പ്രക്ഷോഭകാരികള്‍ക്ക് വധശിക്ഷ നടപ്പാക്കി തുടങ്ങിയതും ആഭ്യന്തര സംഘര്‍ഷങ്ങള്‍ കടുക്കുന്നതും ഭീതി വര്‍ദ്ധിപ്പിക്കുന്നു.

New Update
Untitled

ശ്രീനഗര്‍: ഇറാനില്‍ ഇസ്രായേല്‍-അമേരിക്കന്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന ഭീതി നിലനില്‍ക്കെ, രാജ്യം വിടണമെന്ന ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശം പാലിക്കാനാകാതെ നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍. പഠനമാണോ സുരക്ഷയാണോ വലുതെന്ന കടുത്ത ആശങ്കയിലാണ് പ്രധാനമായും ജമ്മു കശ്മീരില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍.

Advertisment

ഇറാനിലെ സര്‍വ്വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവെക്കാന്‍ തയ്യാറാകാത്തതാണ് വിദ്യാര്‍ത്ഥികളെ കുഴപ്പിക്കുന്നത്. മാര്‍ച്ച് 5-ന് നിശ്ചയിച്ചിട്ടുള്ള നിര്‍ണ്ണായകമായ എം.ബി.ബി.എസ് പരീക്ഷകള്‍ എഴുതാതെ മടങ്ങിയാല്‍ തങ്ങളുടെ ഭാവി അവതാളത്തിലാകുമെന്ന് വിദ്യാര്‍ത്ഥികള്‍ ഭയപ്പെടുന്നു.


ഉര്‍മിയ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പരീക്ഷകള്‍ മാറ്റിവെക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. പരീക്ഷ എഴുതാതെ രാജ്യം വിടാന്‍ അധികൃതര്‍ അനുമതി നല്‍കുന്നില്ലെന്ന് നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി പറഞ്ഞു.

ഇറാനിലെ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വിദ്യാര്‍ത്ഥികള്‍, വിനോദസഞ്ചാരികള്‍, വ്യാപാരികള്‍ എന്നിവരോട് അടിയന്തരമായി ഇന്ത്യയിലേക്ക് മടങ്ങാന്‍ തെഹ്റാനിലെ ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു.

ജമ്മു കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു. പരീക്ഷകള്‍ മാറ്റിവെക്കാന്‍ ഇറാനിയന്‍ അധികൃതരുമായി ചര്‍ച്ച നടത്തണമെന്നാണ് ഇവരുടെ ആവശ്യം.


'ഇറാനിലെ വ്യോമപാത അടച്ചുപൂട്ടുന്നതിന് മുന്‍പ് തന്നെ വിദ്യാര്‍ത്ഥികള്‍ മടങ്ങിവരണം. വൈകിയാല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ദുഷ്‌കരമാകും. എംബസി നിര്‍ദ്ദേശം പാലിച്ച് ഉടന്‍ തന്നെ ബാഗുകള്‍ പാക്ക് ചെയ്ത് നാട്ടിലേക്ക് തിരിക്കണം.'നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള പറഞ്ഞു.


ഇറാനില്‍ പ്രക്ഷോഭകാരികള്‍ക്ക് വധശിക്ഷ നടപ്പാക്കി തുടങ്ങിയതും ആഭ്യന്തര സംഘര്‍ഷങ്ങള്‍ കടുക്കുന്നതും ഭീതി വര്‍ദ്ധിപ്പിക്കുന്നു. ഏകദേശം 2000-ത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് നിലവില്‍ ഇറാനില്‍ ഉപരിപഠനം നടത്തുന്നത്. വിമാന സര്‍വീസുകള്‍ തടസ്സപ്പെടുന്നതിന് മുന്‍പ് ഇവരെ സുരക്ഷിതമായി എത്തിക്കാനുള്ള സമ്മര്‍ദ്ദം കേന്ദ്ര സര്‍ക്കാരിന് മേല്‍ വര്‍ദ്ധിക്കുകയാണ്.

Advertisment