തമിഴ്‌നാട്ടില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി നടപ്പാക്കിയ പ്രഭാത ഭക്ഷണ പദ്ധതിയെ അധിക്ഷേപിച്ച് സംഘപരിവാര്‍ അനുകൂല ദിനപത്രം. ‘വിദ്യാര്‍ത്ഥികള്‍ ഇരട്ടി തിന്ന്, തൂറി കക്കൂസ് നിറയ്ക്കുന്നു’ എന്ന തലകെട്ടിലാണ് ദിനമലര്‍ പത്രം വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇതിനെതിരെ രൂക്ഷ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ അരങ്ങേറുന്നത്. ചെന്നൈ, കോയമ്പത്തൂര്‍, മധുര തുടങ്ങി വിവിധയിടങ്ങളില്‍ പ്രതിഷേധക്കാര്‍ ദിനമലര്‍ പത്രം കത്തിച്ചു. പത്രത്തിന്റെ ബോര്‍ഡുകളും ബാനറുകളും നശിപ്പിക്കുകയും ചെയ്തു. പത്രത്തിനെതിരെ മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രിമാരുമടക്കം പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.
പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള സംസ്ഥാന സര്‍ക്കാറിന്റെ പ്രഭാതഭക്ഷണ പദ്ധതി അടുത്തിടെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ വിപുലീകരിച്ചത്. 31,008 സ്‌കൂളുകളിലെ 17 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയെ ആണ് വൃത്തികെട്ട ഭാഷയില്‍ പരിഹസിച്ചത്. പദ്ധതി നടപ്പാക്കിയതോടെ സ്‌കൂള്‍ കക്കൂസുകള്‍ നിറഞ്ഞൊഴുകുകയാണെന്നാണ് പത്രം വാര്‍ത്ത നല്‍കിയത്.
സംഘ്പരിവാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന പത്രമാണ് ദിനമലര്‍. പ്രഭാത ഭക്ഷണ പദ്ധതിക്കെതിരെ ഒന്നാം പേജിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വീട്ടില്‍നിന്നും കഴിച്ച ശേഷം സ്‌കൂളിലെത്തിയും ഭക്ഷണം കഴിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് ശുചിമുറി കൂടുതല്‍ ഉപയോഗിക്കേണ്ടി വരുന്നെന്ന് വാര്‍ത്തയില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് വീട്ടില്‍നിന്ന് ഭക്ഷണം കൊടുക്കാതെ സ്‌കൂളിലേക്ക് വിടണമെന്ന ത്രിച്ചിയിലെ സ്‌കൂള്‍ അധികൃതരുടെ ആവശ്യവും പത്രത്തിലെ വാര്‍ത്തയില്‍ പരാമര്‍ശിച്ചിരുന്നു.
ഇതിനെതിരെ വിധയിടങ്ങളില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ദിനമലര്‍ പത്രത്തിന്റെ കോപ്പികള്‍ കത്തിക്കുകയും പത്രം ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. വിവിധയിടങ്ങളില്‍ പത്രത്തിന്റെ ബാനറുകളും ബോര്‍ഡുകളും തകര്‍ത്തു. ഡിഎംകെയോടൊപ്പം ഡിവൈഎഫ്‌ഐ ഉള്‍പ്പടെയുള്ള സംഘടനകളും വിവിധയിടങ്ങളില്‍ പ്രതിഷേധത്തിന്റെ ഭാഗമായി. കുംഭകോണത്ത് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ദിനമലര്‍ പത്രത്തിന്റെ കോപ്പികള്‍ കത്തിച്ചു.
മനുസ്മൃതിയുടെ പ്രചാരകര്‍ തൊഴിലാളിവര്‍ഗത്തെയും അടിച്ചമര്‍ത്തപ്പെട്ടവരെയും ചൂഷണം ചെയ്യുമ്പോള്‍ ‘എല്ലാവര്‍ക്കും വേണ്ടി’ എന്ന ആശയം ഉയര്‍ത്തി സാമൂഹ്യനീതി നേടിയെടുക്കാനാണ് ദ്രാവിഡ പ്രസ്ഥാനം ശ്രമിക്കുന്നതെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. മനുധര്‍മമാണ് ദിനമലര്‍ പത്രം എന്നും കൊണ്ടുനടക്കുന്നത്.
ശൂദ്രര്‍ക്ക് വിദ്യാഭ്യാസം നല്‍കരുതെന്ന രീതി തകര്‍ത്തത് ദ്രാവിഡഭരണമാണ്. അവരാണ് സംസ്ഥാനത്ത് വിദ്യാഭ്യാസ വിപ്ലവം വരെ കൊണ്ടുവന്നത്. 21ാം നൂറ്റാണ്ടില്‍ ചന്ദ്രനിലേക്ക് പേടകങ്ങള്‍ അയക്കുമ്പോള്‍ സനാതന ധര്‍മ്മം പ്രചരിപ്പിക്കുന്നവര്‍ ഇത്തരമൊരു തലക്കെട്ടാണ് നല്‍കുന്നതെങ്കില്‍ 100 വര്‍ഷം മുമ്പ് അതെന്തുചെയ്യുമായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ അവസ്ഥ എന്തായിരിക്കുമെന്നും സ്റ്റാലിന്‍ ചോദിച്ചു.