ഇന്ത്യയുടെ ഡിവോഴ്സ് ക്യാപ്പിറ്റലായി കേരളം. ഭാര്യാ ഭ‌ർത്താക്കന്മാരുടെ സംഭാഷണങ്ങൾ രഹസ്യമായി റെക്കോർഡ് ചെയ്താലും തെളിവാകുമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെ വിവാഹ മോചനക്കേസുകൾ കുതിക്കും. കേരളത്തിൽ പ്രതിവർഷം ഫയൽ ചെയ്യുന്നത് അരലക്ഷം വിവാഹമോചന കേസുകൾ. ഏറ്റവും വിവാഹമോചനം നടക്കുന്നത് കോട്ടയത്തും തിരുവനന്തപുരത്തും. വൈവാഹിക ബന്ധത്തിലെ ആശയവിനിമയങ്ങൾ ഇനി മുതൽ കോടതിയിൽ തെളിവായി മാറും

ഏറ്റവും കുറവ് വിവാഹമോചനങ്ങള്‍ നടക്കുന്നത് വയനാട്, ഇടുക്കി ജില്ലകളിലാണ്.  കോട്ടയത്ത് ഏറ്റവും പുതിയ കണക്കനുസരിച്ച് പ്രതിദിനം നാലു ദമ്പതിമാര്‍ വിവാഹമോചിതരാവുന്നു.

New Update
divorce news33

ഡല്‍ഹി: രഹസ്യമായി റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണം വിവാഹമോചന കേസുകളില്‍ തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെ കേരളത്തില്‍ വിവാഹമോചനക്കേസുകള്‍ കുതിച്ചുയരുമെന്ന് ഉറപ്പായി.

Advertisment

ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ ഫോണ്‍ സംഭാഷണം അനുമതിയില്ലാതെ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത് തെളിവായി കോടതിയില്‍ ഹാജരാക്കാന്‍ ഇനിമുതല്‍ കഴിയും. 


ഇത് വിവാഹമോചനത്തിന് മതിയായ തെളിവായി മാറുകയും ചെയ്യും. ഇപ്പോള്‍ത്തന്നെ ഇന്ത്യയുടെ ഡിവോഴ്‌സ് ക്യാപ്പിറ്റലാണ് കേരളം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന വിവാഹമോചന നിരക്കുള്ളത് കേരളത്തിലാണ്. കേരളത്തിലെ 35 കുടുംബക്കോടതികളില്‍ 50,000 ത്തിലധികം കേസുകള്‍ ഓരോ വര്‍ഷവും ഫയല്‍ ചെയ്യുന്നതായാണ് സര്‍ക്കാര്‍ കണക്കുകള്‍. പ്രതിദിനം നൂറോളം കേസുകള്‍ ഫയല്‍ ചെയ്യുന്നതായാണ് കണക്ക്.


പങ്കാളിയുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് വിവാഹമോചനത്തിന് തെളിവാക്കിയാല്‍ വീടുകളിലെ സൗഹൃദാന്തരീക്ഷം തകരുമെന്നും, ദമ്പതികള്‍ക്കിടയില്‍ ഒളിഞ്ഞുനോട്ടം വര്‍ദ്ധിക്കുമെന്നുമുള്ള ഭാര്യയുടെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല.

സംശയത്തോടെ അത്തരം കാര്യങ്ങള്‍ ചെയ്യുന്നത് തന്നെ ബന്ധം തകര്‍ന്നതിന്റെയും പരസ്പര വിശ്വാസം നഷ്ടപ്പെട്ടതിന്റെയും അടയാളമാണ്. 

ഇന്ത്യന്‍ തെളിവു നിയമത്തില്‍ വൈവാഹിക ബന്ധത്തിലെ ആശയവിനിമയങ്ങള്‍ കോടതി വ്യവഹാരങ്ങളില്‍ തെളിവായി സ്വീകരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. സ്വകാര്യത എന്ന മൗലികാവകാശത്തെ കുറിച്ച് നിയമത്തില്‍ പരാമര്‍ശിച്ചിട്ടില്ല. അതേസമയം, നീതിയുക്തമായ വിചാരണയും തെളിവു നല്‍കലും അംഗീകരിച്ചിട്ടുമുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
 
വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വിവാഹമോചന നിരക്ക് കുറവാണ്. ഇന്ത്യയില്‍ 100 വിവാഹങ്ങളില്‍ ഒരെണ്ണം വീതമാണ് വിവാഹ മോചനത്തില്‍ കലാശിക്കുന്നതെന്നാണ് ഇതുസംബന്ധിച്ച ഒരു പഠനത്തില്‍ പറയുന്നത്. അമേരിക്കയില്‍ വിവാഹങ്ങളില്‍ 50 ശതമാനമാണ് വിവാഹമോചന നിരക്ക്. ഇന്ത്യയില്‍ നഗരങ്ങളില്‍ ഉള്ളതിനേക്കാള്‍ കുറവാണ് ഗ്രാമങ്ങളിലെ വിവാഹമോചനം. 


വിവാഹമോചന നിരക്ക് ഓരോ വര്‍ഷം കഴിയുമ്പോഴും ഇന്ത്യയിലും കൂടിവരികയാണ്. വിവാഹ മോചനത്തിനുള്ള കേസ് തീര്‍പ്പാകാതെ കക്ഷികള്‍ക്ക് മറ്റൊരു വിവാഹം നിയമപരമായി സാദ്ധ്യമല്ലെന്നാണ് നിയമം. 


വിവാഹ മോചന കേസുകള്‍ വലിച്ചുനീട്ടരുതെന്നും എത്രയും വേഗം വിവാഹമോചനം അനുവദിക്കുന്നതിനാവണം കോടതികള്‍ ഊന്നല്‍ നല്‍കേണ്ടതെന്നും സുപ്രീംകോടതി അടുത്തിടെ കുടുംബ കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

വിവാഹമോചനനടപടികള്‍ ലളിതമാക്കണമെന്ന ആവശ്യമുയരുമ്പോള്‍ത്തന്നെ കേരളത്തില്‍ ബന്ധംവേര്‍പിരിയുന്ന ദമ്പതിമാരുടെ എണ്ണം കൂടുകയാണ്. 2010 മുതല്‍ 2020 വരെ 4.89 ലക്ഷം വിവാഹമോചനമാണ് സംസ്ഥാനത്ത് നടന്നത്. വിവാഹമോചനംതേടിയുള്ള ഹര്‍ജികളില്‍ 70 ശതമാനത്തിലധികം സ്ത്രീകളാണ്. 

കുടുംബ കോടതികളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള മലപ്പുറം അടക്കമുള്ള മലബാര്‍ ജില്ലകളില്‍ മുസ്‌ലിം മാര്യേജ് ആക്ടിനു കീഴില്‍ ഫയല്‍ ചെയ്തിട്ടുള്ള ഡിവോഴ്‌സ് പെറ്റീഷനുകള്‍ താരതമ്യേന കുറവാണ്.


കേരളത്തിലെ ജില്ലകളിലെ വിവാഹ മോചനകളുടെ കണക്ക് പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ വിവാഹ മോചനം നടക്കുന്നത് കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ്. രണ്ടാമതായി എറണാകുളം ജില്ലയിലാണ്, കൊല്ലം, തൃശൂര്‍ എന്നിവിടങ്ങളും മുന്നിലാണ്. 


ഏറ്റവും കുറവ് വിവാഹമോചനങ്ങള്‍ നടക്കുന്നത് വയനാട്, ഇടുക്കി ജില്ലകളിലാണ്.  കോട്ടയത്ത് ഏറ്റവും പുതിയ കണക്കനുസരിച്ച് പ്രതിദിനം നാലു ദമ്പതിമാര്‍ വിവാഹമോചിതരാവുന്നു. പാലാ, ഏറ്റുമാനൂര്‍ എന്നീ കുടുംബ കോടതികളിലെ 2024ലെ കണക്ക് പ്രകാരമാണിത്. കോട്ടയത്ത് 2181 വിവാഹമോചന കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 

ഇതില്‍ 1565 ദമ്പതിമാര്‍ വേര്‍പിരിഞ്ഞു. ശാരീരികവും മാനസികവുമായ പീഡനം, ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ വിവാഹേതര ബന്ധം, ലഹരി ഉപയോഗം, വിവാഹത്തിന് മുമ്പ് പറഞ്ഞ പല കാര്യങ്ങളും നുണയാണെന്ന് തെളിയുക തുടങ്ങിയവയാണ് വിവാഹമോചനത്തിന് പ്രധാന കാരണമാകുന്നത്.

Advertisment