വിവാഹമോചനവും ജീവനാംശവുമായി ബന്ധപ്പെട്ട കേസുകളില്‍ പങ്കാളികള്‍ക്കെതിരെ വ്യാജ തെളിവുകള്‍ നിര്‍മ്മിക്കാന്‍ എഐ വ്യാപകമായി ഉപയോഗിക്കുന്നു: ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി

പങ്കാളിയെ കുടുക്കുന്നതിനായി ഡീപ് ഫേക്ക് സാങ്കേതികവിദ്യയും മറ്റ് എഐ ടൂളുകളും ഉപയോഗിച്ച് വ്യാജ ചിത്രങ്ങൾ, വീഡിയോകള്‍, ഓഡിയോ സന്ദേശങ്ങള്‍ എന്നിവ നിര്‍മിക്കുന്നതായി കോടതി കണ്ടെത്തി

New Update
supreme court

ന്യൂഡല്‍ഹി: വിവാഹമോചനവും ജീവനാംശവുമായി ബന്ധപ്പെട്ട കേസുകളില്‍ പങ്കാളികള്‍ക്കെതിരെ വ്യാജ തെളിവുകള്‍ നിര്‍മ്മിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) വ്യാപകമായി ഉപയോഗിക്കപ്പെടുന്നതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി 

Advertisment

ഇത്തരം കേസുകളില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

പങ്കാളിയെ കുടുക്കുന്നതിനായി ഡീപ് ഫേക്ക് സാങ്കേതികവിദ്യയും മറ്റ് എഐ ടൂളുകളും ഉപയോഗിച്ച് വ്യാജ ചിത്രങ്ങൾ, വീഡിയോകള്‍, ഓഡിയോ സന്ദേശങ്ങള്‍ എന്നിവ നിര്‍മിക്കുന്നതായി കോടതി കണ്ടെത്തി.

ഇവ പലപ്പോഴും യഥാര്‍ത്ഥമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ളവയാണെന്നും കോടതി പറഞ്ഞു.

വിവാഹബന്ധം വേര്‍പിരിയുന്ന ഘട്ടത്തില്‍ പരസ്പരം പീഡിപ്പിക്കുന്നതിനായി മനഃപൂര്‍വ്വം തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പതിവാകുകയാണ്. ഇത് നീതിന്യായ വ്യവസ്ഥയെ വഴിതെറ്റിക്കാന്‍ കാരണമാകുന്നതായും കോടതി പറഞ്ഞു.

ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കുമ്പോള്‍ അവയുടെ ആധികാരികത പരിശോധിക്കാന്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ വേണമെന്നും ഫോറന്‍സിക് പരിശോധനകളിലൂടെ മാത്രമേ ഇത്തരം തെളിവുകള്‍ സ്വീകരിക്കാവൂ എന്നും കോടതി സൂചിപ്പിച്ചു.

ഇത്തരത്തിലുള്ള കേസുകളുടെ ബാഹുല്യം കാരണം കോടതികളുടെ സമയം നഷ്ടപ്പെടുന്നതായും ബെഞ്ച് ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

Advertisment