/sathyam/media/media_files/2025/11/29/dk-sidharamaiah-2025-11-29-21-18-08.jpg)
ബംഗളൂരു: കർണാടക കോൺഗ്രസിനുള്ളിലെ സിദ്ധരാമയ്യ-ഡി.കെ. ശിവകുമാർ പക്ഷങ്ങൾ തമ്മിലുള്ള ഭിന്നത പരസ്യമായി പ്രകടമായതോടെ ബംഗളൂരുവിൽ നടന്ന പ്രതിഷേധ റാലി സംഘർഷഭരിതമായി.
റാലിയെ അഭിസംബോധന ചെയ്യാൻ എത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് മുന്നിൽ ഡി.കെ. ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം മുഴക്കിയ പ്രവർത്തകരോടാണ് അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിബി-ജി റാം ജി (VB-G RAM G) പദ്ധതിക്കെതിരെ നടത്തിയ 'രാജ്ഭവൻ ചലോ' പ്രതിഷേധത്തിനിടെയായിരുന്നു സംഭവം.
സിദ്ധരാമയ്യ പ്രസംഗിക്കാനായി മൈക്കിന് മുന്നിലെത്തിയപ്പോൾ ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ 'ഡി.കെ, ഡി.കെ' എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇത് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു.
നിശബ്ദത പാലിക്കാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രവർത്തകർ വഴങ്ങാതിരുന്നതോടെ, "ആരാണീ ഡി.കെ, ഡി.കെ എന്ന് വിളിച്ചുപറയുന്നത്?" എന്ന് അദ്ദേഹം ക്ഷുഭിതനായി ചോദിച്ചു.
തുടർന്ന് കെ.പി.സി.സി അധ്യക്ഷൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും പ്രസംഗത്തിനിടെയും മുദ്രാവാക്യങ്ങൾ തുടർന്നത് വേദിയിൽ അസ്വസ്ഥതയുണ്ടാക്കി.
തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രം അട്ടിമറിക്കുന്നു എന്നാരോപിച്ചായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം. എന്നാൽ പാർട്ടിക്കുള്ളിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം വീണ്ടും തെരുവിലേക്ക് എത്തിയതോടെ രാഷ്ട്രീയ എതിരാളികൾക്കും ഇത് പുതിയ ആയുധമായി മാറിയിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us