ഡല്‍ഹി: ഡ്യൂട്ടിക്കിടെ ഡോക്ടര്‍ ഫോണില്‍ റീലുകള്‍ കണ്ടിരുന്നതിനെ തുടര്‍ന്ന് രോഗി ചികിത്സ ലഭിക്കാതെ മരിച്ചു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലെ ഒരു ആശുപത്രിയിലാണ് സംഭവം. 60 വയസ്സുള്ള ഒരു സ്ത്രീയാണ് ഹൃദയാഘാതം മൂലം മരിച്ചത്.
മഹാരാജ തേജ് സിംഗ് ജില്ലാ ആശുപത്രിയിലാണ് സംഭവം. മരണത്തെ തുടര്‍ന്ന് രോഗിയുടെ കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ ബഹളം വച്ചു. ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്
പ്രവേഷ് കുമാരി എന്ന രോഗി കടുത്ത നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് മകന്‍ ഗുരുശരണ്‍ സിംഗ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോ. ആദര്‍ശ് സെന്‍ഗര്‍ ആയിരുന്നു അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത്.
എന്നാല്‍ രോഗിയെ ചികിത്സയ്ക്കുന്നതിനു പകരം ഡോക്ടര്‍ ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും റീലുകള്‍ കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നുവെന്ന് ഗുരുശരണ്‍ ആരോപിച്ചു. രോഗിയെ പരിചരിക്കാന്‍ അദ്ദേഹം നഴ്‌സിംഗ് സ്റ്റാഫിന് നിര്‍ദ്ദേശം നല്‍കി
'എന്റെ അമ്മയുടെ അവസ്ഥ വഷളായപ്പോള്‍ ഞങ്ങള്‍ ബഹളം വച്ചു. ക്ഷുഭിതനായ ഡോക്ടര്‍ ഒടുവില്‍ എഴുന്നേറ്റ് സഹായിക്കുന്നതിനുപകരം, എന്നെ അടിച്ചു. അപ്പോഴേക്കും എന്റെ അമ്മ മരിച്ചിരുന്നു,' ഗുരുശരണ്‍ പറഞ്ഞു.