പനാജി: ഗോവ മെഡിക്കല്‍ കോളജിലെ ചീഫ് മെഡിക്കല്‍ ഓഫീസറെ പരസ്യമായി ശകാരിച്ച സംഭവത്തില്‍ മാപ്പ് ചോദിച്ച് ആരോഗ്യമന്ത്രി വിശ്വജിത്ത് റാണ. തന്റെ ഉദ്ദേശ്യത്തില്‍ തെറ്റുണ്ടായിരുന്നില്ലെന്നും പക്ഷെ വാക്കുകള്‍ കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നെന്നും മന്ത്രി പറഞ്ഞു.
പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്ന് ക്ഷോഭിച്ചതാണ്. ഡോക്ടര്‍മാരുടെ സമൂഹത്തെ താന്‍ മാനിക്കുന്നുവെന്നും ഡോക്ടര്‍ക്ക് വേദന ഉണ്ടായതില്‍ ക്ഷമ ചോദിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ചയാണ് ഗോവ മെഡിക്കല്‍ കോളജില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രോഗിയുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനത്തനിടെയാണ് ഡോ. രുദ്രേഷ് കുട്ടിക്കറിനെ മന്ത്രി പരസ്യമായി ശാസിച്ചത്.
മന്ത്രി പരസ്യമായി ശാസിക്കുന്ന വിഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിയിരുന്നു.
തന്റെ പരസ്യപ്രതികരണം ഉചിതമായില്ലെന്ന് മന്ത്രി പറഞ്ഞു. അദ്ദേഹത്തെ പ്രത്യേകം വിളിച്ച് കാര്യങ്ങള്‍ തിരക്കാമായിരുന്നു. തന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കില്‍ ഞാന്‍ അദ്ദേഹത്തോടും ഇന്ത്യന്‍മെഡിക്കല്‍ അസോസിയേഷനോടും മാപ്പു ചോദിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.