മുംബൈ: വ്യാജ ഡോക്ടർമാരെ തിരിച്ചറിയാൻ ക്യുആർ കോഡ് സാങ്കേതിക സംവിധാനവുമായി മഹാരാഷ്ട്ര സർക്കാർ. കൗൺസിലിൽ രജിസ്റ്റർചെയ്ത 1.4 ലക്ഷം ഡോക്ടർമാർക്കാണ് ക്യു.ആർ. കോഡ് ലഭിക്കുക.
‘നിങ്ങളുടെ ഡോക്ടറെക്കുറിച്ച് അറിയൂ’ എന്ന സന്ദേശം ഉൾപ്പെടുത്തിയിട്ടുള്ള ക്യുആർ കോഡ് പതിച്ച ബോർഡ് ഇനി എല്ലാ ക്ലിനിക്കുകൾക്കു പുറത്തും പ്രദർശിപ്പിക്കാനാണ് തീരുമാനം.
മഹാരാഷ്ട്രാ മെഡിക്കൽ കൗൺസിലാണ് സംസ്ഥാനത്തെ ഡോക്ടർമാർക്ക് ക്യുആർ കോഡ് സമ്പ്രദായം ഏർപ്പെടുത്തുന്നത്.
ഇതോടെ ക്ലിനിക്കിലെത്തുന്ന രോഗികൾക്ക് തങ്ങളുടെ സ്മാർട്ട് ഫോൺ ഉപയോഗിച്ച് ക്യുആർ കോഡ് സ്കാൻചെയ്താൽ ഡോക്ടറെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ലഭിക്കും.
ഡോക്ടറുടെ പ്രൊഫഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രോഗിക്ക് ലഭിക്കുന്നതിലൂടെ വ്യാജഡോക്ടർമാരെ കണ്ടെത്താനും ഒഴിവാക്കാനും രോഗികൾക്ക് പ്രയോജനപ്പെടും.
സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും വ്യാജ ഡോക്ടർമാർ പിടിയിലായിട്ടുണ്ട്. കൂടാതെ, പല ഡോക്ടർമാരും തങ്ങൾ പഠിച്ചതിനെ അടിസ്ഥാനമാക്കിയുള്ള ചികിത്സയല്ല നടത്തുന്നത്. ക്യുആർ കോഡ് സംവിധാനം വരുന്നതോടെ ഇതിന് ഒരു പരിധിവരെ വ്യാജ ഡോക്ടർമാർക്ക് തടയിടാൻ കഴിയുമെന്നാണ് പ്രതീക്ഷ.