"ഈ പ്രഹസനം അവസാനിപ്പിക്കൂ": ഗാൽഗോട്ടിയാസിനെ പരിഹസിച്ച് ഇന്ത്യയുടെ സ്വന്തം 'റോബോട്ടിക് നായ' പരം

നോയിഡ ആസ്ഥാനമായ ഗാല്‍ഗോട്ടിയാസ് യൂണിവേഴ്‌സിറ്റി തങ്ങള്‍ നിര്‍മ്മിച്ചതെന്ന് അവകാശപ്പെട്ട് പ്രദര്‍ശിപ്പിച്ചത് ചൈനീസ് കമ്പനിയുടെ റോബോട്ടിനെയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

New Update
Untitled

ഡല്‍ഹി: ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റില്‍ ഗാല്‍ഗോട്ടിയാസ് യൂണിവേഴ്‌സിറ്റി പ്രദര്‍ശിപ്പിച്ച റോബോട്ടിക് നായ ചൈനീസ് നിര്‍മ്മിതമാണെന്ന വിവാദം കത്തുന്നതിനിടെ, തദ്ദേശീയമായി വികസിപ്പിച്ച റോബോട്ടിക് നായയെ അവതരിപ്പിച്ച് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ജനറല്‍ ഓട്ടോണമി. 'ഈ പ്രഹസനങ്ങള്‍ ഇനി മതി' എന്ന കുറിപ്പോടെയാണ് 'പരം' എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിനെ കമ്പനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

Advertisment

വിദേശത്ത് നിന്ന് വാങ്ങി അസംബിള്‍ ചെയ്തതല്ല, മറിച്ച് ഇന്ത്യക്കാര്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചതാണ് 'പരം' എന്ന് കമ്പനി അവകാശപ്പെടുന്നു. എന്‍വിഡിയ ജെറ്റ്‌സണ്‍ ജിപിയു, ആക്ചുവേറ്ററുകള്‍ എന്നിവയൊഴികെ മറ്റെല്ലാ ഭാഗങ്ങളും തദ്ദേശീയമായാണ് വികസിപ്പിച്ചത്.


നോയിഡ ആസ്ഥാനമായ ഗാല്‍ഗോട്ടിയാസ് യൂണിവേഴ്‌സിറ്റി തങ്ങള്‍ നിര്‍മ്മിച്ചതെന്ന് അവകാശപ്പെട്ട് പ്രദര്‍ശിപ്പിച്ചത് ചൈനീസ് കമ്പനിയുടെ റോബോട്ടിനെയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസം നേരിട്ട സര്‍വ്വകലാശാല ഒടുവില്‍ ഉച്ചകോടിയിലെ തങ്ങളുടെ സ്റ്റാള്‍ ഒഴിഞ്ഞുപോവുകയും മാപ്പ് പറയുകയും ചെയ്തു.

കഠിനമായ ഭൂപ്രകൃതിയിലൂടെ സഞ്ചരിക്കാനും തടസ്സങ്ങള്‍ മറികടക്കാനും സാധിക്കുന്ന ഇത്തരം 'ക്വാഡ്രുപെഡ്' (നാലുകാലുള്ള) റോബോട്ടുകള്‍ ദുരന്തനിവാരണം, പ്രതിരോധം, വ്യാവസായിക പരിശോധനകള്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്നു.


ജനറല്‍ ഓട്ടോണമിയുടെ 'പരം', എക്‌സ്റ്റെറ റോബോട്ടിക്‌സിന്റെ 'സ്വാന്‍-2' തുടങ്ങിയവ ഇന്ത്യയുടെ റോബോട്ടിക്‌സ് രംഗത്തെ കരുത്ത് തെളിയിക്കുന്നവയാണ്. സോഫ്റ്റ്വെയറില്‍ മാത്രമല്ല, ഹാര്‍ഡ്വെയര്‍ നിര്‍മ്മാണത്തിലും ഇന്ത്യ സ്വയംപര്യാപ്തത നേടുന്നതിന്റെ സൂചനയാണിത്.


ക്യാമറയ്ക്ക് മുന്നിലെ ആവേശം മൂലം തങ്ങളുടെ പ്രതിനിധി തെറ്റായ വിവരം നല്‍കിയതാണെന്നാണ് ഗാല്‍ഗോട്ടിയാസ് യൂണിവേഴ്‌സിറ്റി പിന്നീട് നല്‍കിയ വിശദീകരണം. 

Advertisment