ന്യൂഡല്‍ഹി: അന്തരിച്ച മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിന്റെ സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി അദ്ദേഹത്തിന്റെ ഭൗതികശരീരം ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് ഡിസംബര്‍ 28ന് രാവിലെ 8.30 മുതല്‍ 9.30വരെ പൊതുദര്‍ശനത്തിന് വെച്ച ശേഷം ശവസംസ്‌കാര ചടങ്ങുകള്‍ നടക്കും.
കെപിസിസിയില്‍ സര്‍വ്വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും അനുശോചനയോഗവും ശവസംസ്‌കാര ചടങ്ങുകള്‍ നേതാക്കള്‍ ഓണ്‍ലൈനായി വീക്ഷിക്കും
എഐസിസി ആസ്ഥാനത്ത് ഡോ. മന്‍മോഹന്‍സിങിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനോട് അനുബന്ധിച്ച് കെപിസിസിയിലും രാവിലെ 8 മുതല്‍ അനുബന്ധ ചടങ്ങുകള്‍ നടക്കും.
ഡോ.മന്‍മോഹന്‍ സിങിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം അനുശോചന യോഗം കെപിസിസിയില്‍ ചേരുമെന്നും കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.
കെപിസിസിയില്‍ പ്രധാന നേതാക്കള്‍ സന്നിഹിതരായി സംസ്‌കാര ചടങ്ങുകള്‍ ഓണ്‍ലൈനായി വീക്ഷിക്കുകയും അദ്ദേഹത്തിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി അന്ത്യോപചാരം അര്‍പ്പിക്കുകയും സര്‍വ്വമത പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയും ചെയ്യും.
കെപിസിസിയിലേത് സമാനമായി ഡിസിസികളിലും രാവിലെ 8 മുതല്‍ സര്‍വ്വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടത്തും.സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം അനുശോചനയോഗവും നടത്തും.
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ - മത - സാമുദായിക - സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുന്ന അനുശോചനയോഗം വൈകുന്നേരം നടക്കും