ഡൽഹി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിൽ കടുത്ത വിമർശനവുമായി രാഷ്ട്രപതി ദ്രൗപതി മുർമു. സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്നത് അനുവദിക്കാനാവില്ലെന്ന് രാഷ്ട്രപതി വിമർശിച്ചു.
നിർഭയക്ക് ശേഷവും സമൂഹത്തിന് ഒന്നാകെ മറവിരോഗം ബാധിക്കുന്നത് ഉചിതമല്ല. കോൽക്കത്ത സംഭവം ഭയാനകവും ആശങ്കപ്പെടുത്തുന്നതുമാണ്. സംഭവിച്ചത് സംഭവിച്ചു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും മുര്‍മു പറഞ്ഞു.
സ്ത്രീകളെ കഴിവില്ലാത്തവരായും ബുദ്ധിയും ശക്തിയും ഇല്ലാത്തവരായും ചിലർ കാണുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കണമെന്നും രാഷ്ട്രപതി വ്യക്തമാക്കി.
സ്ത്രീകൾക്കെതിരെ വൈകൃത ചിന്തയോടെയുള്ള പ്രവണതകൾ തടയണം. രാജ്യത്തെ സ്ത്രീകളുടെ ഉയർച്ച തടയുന്നത് അനുവദിക്കാനാവില്ലെന്നും രാഷ്ട്രപതി വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിക്ക് നല്കിയ ലേഖനത്തിലാണ് രാഷ്ട്രപതിയുടെ പ്രതികരണം.
ബംഗാളിൽ വനിതാ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതും രാജ്യത്ത് സ്ത്രീകൾക്കെതിരായി നടക്കുന്ന മറ്റ് അതിക്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ പ്രതികരണം.