ആഗ്രയിൽ പ്രണയപ്പക: വിവാഹാഭ്യർത്ഥന നിരസിച്ച ഓട്ടോ ഡ്രൈവറെ പെട്രോളൊഴിച്ച് തീക്കൊളുത്തി; നില ഗുരുതരം

ശരീരമാസകലം തീയുമായി സഹായത്തിനായി നിലവിളിച്ചോടിയ ചാന്ദിനെ നാട്ടുകാരാണ് പുതപ്പ് ഉപയോഗിച്ച് തീയണച്ച് ആശുപത്രിയിലെത്തിച്ചത്.

New Update
Untitled

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഓട്ടോ ഡ്രൈവറെ കാമുകിയും കുടുംബവും ചേര്‍ന്ന് തീക്കൊളുത്തി. 80 ശതമാനം പൊള്ളലേറ്റ യുവാവിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്വരൂപ് നഗറിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

Advertisment

സ്വരൂപ് നഗര്‍ സ്വദേശിയായ ചാന്ദ് (25) ആണ് ആക്രമിക്കപ്പെട്ടത്. ഭര്‍ത്താവ് മരിച്ച ഷബ്നവും ചാന്‍ന്ദും കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഷബ്നവുമായുള്ള വിവാഹത്തിന് ചാന്ദ് വിസമ്മതിച്ചതാണ് ദാരുണമായ അക്രമത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു.


വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ഓട്ടോ ഓടിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ചാന്ദിനെ ഷബ്നവും മാതാവും സഹോദരനും അടങ്ങുന്ന സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി. വിവാഹത്തെച്ചൊല്ലി ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും, തുടര്‍ന്ന് ചന്ദിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു.

ശരീരമാസകലം തീയുമായി സഹായത്തിനായി നിലവിളിച്ചോടിയ ചാന്ദിനെ നാട്ടുകാരാണ് പുതപ്പ് ഉപയോഗിച്ച് തീയണച്ച് ആശുപത്രിയിലെത്തിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ ചാന്ദിന്റെ നില നിലവില്‍ അതീവ ഗുരുതരമായി തുടരുകയാണ്. ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയ പോലീസിനോട്, തന്നെ തീക്കൊളുത്തിയത് ഷബ്നവും കുടുംബവുമാണെന്ന് ചാന്ദ് മൊഴി നല്‍കി.


ചാന്ദിന്റെ സഹോദരന്‍ ഷബീര്‍ നല്‍കിയ പരാതി പ്രകാരം, രണ്ട് വര്‍ഷം മുന്‍പ് ഷബ്നത്തിന്റെ ഭര്‍ത്താവ് മരിച്ചതിന് ശേഷമാണ് ഇവര്‍ ബന്ധത്തിലായത്. മഥുര സ്വദേശിയായ ഷബ്നത്തിന് ചാന്ദിനെ വിവാഹം കഴിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ ചാന്ദ് വിവാഹിതനായതിനാലും മറ്റ് കുടുംബസാഹചര്യങ്ങള്‍ കാരണവും ഇതിന് വിസമ്മതിച്ചു. ഇതിലുള്ള വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്.


ഷബ്നത്തിന് പുറമെ അവരുടെ സഹോദരന്‍ അലി, മാതാവ് എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ഗൗരവ് സിംഗ് അറിയിച്ചു.

Advertisment