ഡല്‍ഹി: ബജറ്റ് സമ്മേളനത്തിന് മുമ്പ് രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്റിന്റെ സംയുക്ത യോഗത്തെ അഭിസംബോധന ചെയ്തു.
അംബേദ്കറെയും ഭരണഘടനാ നിര്‍മ്മാണത്തില്‍ പങ്കാളികളായ ആളുകളെയും രാഷ്ട്രപതി അനുസ്മരിച്ചു. മഹാകുംഭത്തില്‍ നടന്ന അപകടവും രാഷ്ട്രപതി പരാമര്‍ശിച്ചു. ഇന്ത്യന്‍ സാംസ്‌കാരിക സാമൂഹിക അവബോധത്തിന്റെ ഉത്സവമാണ് മഹാകുംഭമെന്നും രാഷ്ട്രപതി പറഞ്ഞു
രാജ്യത്ത് മഹാകുംഭം സംഘടിപ്പിക്കുന്നുണ്ട്. ഇത് ഇന്ത്യന്‍ സാംസ്‌കാരിക സാമൂഹിക അവബോധത്തിന്റെ ഉത്സവമാണ്. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള കോടിക്കണക്കിന് ഭക്തരാണ് കുളിക്കാനിറങ്ങിയത്.
മൗനി അമാവാസി നാളിലുണ്ടായ അപകടത്തില്‍ ദുഖം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. രാഷ്ട്രപതി പറഞ്ഞു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ നമുക്ക് നഷ്ടപ്പെട്ടു. 10 വര്‍ഷം പ്രധാനമന്ത്രിയായി രാജ്യത്തെ സേവിച്ചു. ദീര്‍ഘകാലം പാര്‍ലമെന്റ് അംഗവുമായിരുന്നു. ഞാന്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ അനുസ്മരിച്ചുകൊണ്ട് അവര്‍ പറഞ്ഞു.
മൂന്നിരട്ടി വേഗത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. വലിയ തീരുമാനങ്ങളും നയങ്ങളും അതിവേഗം നടപ്പാക്കപ്പെടുന്ന കാഴ്ചയാണ് ഇന്ന് രാജ്യം കാണുന്നത്. ഇതില്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും മുന്‍ഗണന ലഭിച്ചു.
മൂന്നാം ടേമില്‍, എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് എന്റെ ഗവണ്‍മെന്റ് കൃത്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇതിനായി പ്രധാനമന്ത്രി ആവാസ് യോജന വിപുലീകരിച്ചു
ആദിവാസി സമൂഹത്തിലെ അഞ്ച് കോടി ജനങ്ങള്‍ക്കായി 'ധര്‍ത്തി ആബ ട്രൈബല്‍ ഗ്രാം ഉത്കര്‍ഷ്' കാമ്പയിന്‍ ആരംഭിച്ചു.
ഇതിനായി 80,000 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം 70 വയസും അതില്‍ കൂടുതലുമുള്ള 6 കോടി മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കാന്‍ തീരുമാനിച്ചു. ഓരോ വര്‍ഷവും 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയാണ് ഇവര്‍ക്ക് ലഭിക്കുക.
യുവാക്കളുടെ വിദ്യാഭ്യാസത്തിലും അവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു
ഉന്നതവിദ്യാഭ്യാസത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കുന്നതിനായി പ്രധാനമന്ത്രി വിദ്യാലക്ഷ്മി യോജന ആരംഭിച്ചു.
ഒരു കോടി യുവാക്കള്‍ക്ക് മികച്ച അഞ്ഞൂറ് കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ് അവസരവും നല്‍കും. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്', 'വഖഫ് ഭേദഗതി നിയമം' എന്നിവയിലും സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു.