ഡല്‍ഹി: പുരുഷന്മാര്‍ക്കായി രൂപകല്‍പ്പന ചെയ്ത ഹോര്‍മോണ്‍ രഹിത ഗര്‍ഭനിരോധന ഗുളികയുടെ ആദ്യ മനുഷ്യ സുരക്ഷാ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി.
കൂടുതല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പിന്നീട് നടക്കും. 16 പുരുഷന്മാരിലാണ് പരിശോധന നടത്തിയത്.
പരീക്ഷണത്തിന് വിധേയരാക്കിയവരില്‍ മരുന്ന് ശരീരത്തില്‍ ആവശ്യമായ അളവില്‍ എത്തുന്നുണ്ടോയെന്നും ഹൃദയമിടിപ്പ്, ഹോര്‍മോണ്‍ പ്രവര്‍ത്തനം, വീക്കം, മാനസികാവസ്ഥ, ലൈംഗിക പ്രവര്‍ത്തനം തുടങ്ങിയതില്‍ ഗുരുതരമായ മാറ്റങ്ങളോ പാര്‍ശ്വഫലങ്ങളോ ഉണ്ടാകുന്നുണ്ടോ എന്നും നിരീക്ഷിച്ചു.
വിവിധ ഡോസുകള്‍ പരീക്ഷിച്ചതില്‍ കാര്യമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയില്ല. ഇതോടെ ഗുളികയുടെ സുരക്ഷയിലേക്ക് വ്യാവസായിക തലത്തില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കുള്ള വഴി തുറന്നിരിക്കുകയാണ്.
നിലവില്‍ പുരുഷന്‍മാര്‍ക്ക് ലഭ്യമായ പ്രധാന ജനനനിയന്ത്രണ മാര്‍ഗങ്ങള്‍ കോണ്ടം, വാസക്ടമി എന്നിവ മാത്രമാണ്. ഈ ഗുളിക അംഗീകരിക്കപ്പെടുകയാണങ്കില്‍ ഈ വിഭാഗത്തില്‍ ആദ്യമായി വിപണിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന മരുന്നായിരിക്കും ഇത്.