ജിന്ദ്: ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജനനായക് ജനതാ പാര്‍ട്ടിയുടെയും ആസാദ് സമാജ് പാര്‍ട്ടിയുടെയും റോഡ് ഷോയ്ക്കിടെ ഉച്ചാനയില്‍ ഹരിയാന മുന്‍ ഉപമുഖ്യമന്ത്രിയും ജനനായക് ജനതാ പാര്‍ട്ടി അധ്യക്ഷനുമായ ദുഷ്യന്ത് ചൗട്ടാലയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലെറ്.
ദുഷ്യന്ത് ചൗട്ടാലയ്ക്കൊപ്പം അദ്ദേഹത്തിന്റെ സഖ്യകക്ഷിയും ആസാദ് സമാജ് പാര്‍ട്ടി പ്രസിഡന്റുമായ ചന്ദ്രശേഖര്‍ ആസാദ് എംപിയും ഉണ്ടായിരുന്നു.
വാഹനത്തിന് നേരെ അജ്ഞാതരാണ് ആക്രമണം നടത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. സംഭവത്തില്‍ പോലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
ഉച്ചാന കലന്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന ദുഷ്യന്ത് ചൗട്ടാലയ്ക്കും ചന്ദ്രശേഖറിനും സംഭവത്തില്‍ പരിക്കില്ല.
സംഭവത്തിന് ശേഷം മുന്‍ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല സ്ഥലത്തുണ്ടായിരുന്ന പോലീസുകാരെ ശാസിക്കുകയും ഒരു മണിക്കൂറിനുള്ളില്‍ അക്രമികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു.
2019ലെ തിരഞ്ഞെടുപ്പിൽ ഉച്ചാന കലൻ സീറ്റിൽ നിന്നാണ് ചൗട്ടാല വിജയിച്ചത്. 2014ൽ ബിജെപി സ്ഥാനാർഥി പ്രേം ലതയോട് പരാജയപ്പെട്ടു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ദേവേന്ദർ ചതർഭുജ് (ബിജെപി), ബ്രിജേന്ദ്ര സിങ് (കോൺഗ്രസ്) എന്നിവർക്കെതിരെ ത്രികോണ പോരാട്ടത്തിലാണ് ചൗട്ടാല മത്സരിക്കുന്നത്.