/sathyam/media/media_files/2026/02/05/untitled-2026-02-05-15-09-34.jpg)
ഡല്‍ഹി: വ്യാജ രേഖകള്‍ ചമച്ചും അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചും കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ ഡല്‍ഹിയിലെ അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാന്‍ ജാവേദ് അഹമ്മദ് സിദ്ദീഖിയെ ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.
യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) നല്‍കിയ പരാതിയിലാണ് നടപടി. വഞ്ചന, രേഖകള്‍ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് ഇദ്ദേഹത്തെ.
സര്‍വകലാശാലയുടെ പേരില്‍ ഏകദേശം 415 കോടി രൂപയുടെ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി ക്രൈം ബ്രാഞ്ചും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) കണ്ടെത്തി.
തട്ടിപ്പിലൂടെ സമ്പാദിച്ചതെന്ന് കരുതുന്ന സര്‍വകലാശാലയുടെ 140 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി ഇതിനകം കണ്ടുകെട്ടിയിട്ടുണ്ട്.
നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ അംഗീകാരം ഉണ്ടെന്ന് വ്യാജമായി അവകാശപ്പെട്ട് വിദ്യാര്‍ത്ഥികളില്‍ നിന്ന് വന്‍തോതില്‍ ഫീസ് ഈടാക്കി വഞ്ചിച്ചതായും പരാതിയുണ്ട്. ഇതേത്തുടര്‍ന്ന് സര്‍വകലാശാലയുടെ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമാക്കി.
ഹരിയാനയിലെ ഫരീദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം നേരത്തെയും സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാര്‍ ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയായ ഡോ. ഉമര്‍ നബി ഈ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
ഭീകരവാദ ശൃംഖലകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഡോ. മുസമ്മില്‍ ഷക്കീല്‍, ഡോ. ഷഹീന്‍ ഷാഹിദ് എന്നിവരും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ സ്ഥാപനത്തിലേക്ക് എത്തുന്ന വിദേശ ഫണ്ടിംഗിനെക്കുറിച്ചും ഇഡി വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us