/sathyam/media/media_files/2026/02/12/untitled-2026-02-12-12-36-57.jpg)
ഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനും മകന്‍ രനീന്ദര്‍ സിങ്ങിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു.
വിദേശനാണ്യ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട കേസിലാണ് കേന്ദ്ര ഏജന്‍സിയുടെ നടപടി. സ്വിസ് ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിദേശ ആസ്തികളുടെ ഗുണഭോക്താക്കള്‍ ഇവരാണെന്നാരോപിച്ചാണ് അന്വേഷണം.
ഫ്രഞ്ച് സര്‍ക്കാരില്‍ നിന്ന് 2011-ല്‍ ലഭിച്ച നിര്‍ണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കേസ് ഉടലെടുത്തത്. വിദേശ ബിസിനസ് സ്ഥാപനങ്ങള്‍ വഴിയും ട്രസ്റ്റുകള്‍ വഴിയും ഇവര്‍ വിദേശ ആസ്തികള്‍ കൈവശം വെച്ചിട്ടുണ്ടെന്നാണ് ആരോപണം.
2016-ല്‍ ആദായനികുതി വകുപ്പ് ഇവര്‍ക്കെതിരെ വ്യാജ രേഖകള്‍ സമര്‍പ്പിച്ചതിനും തെറ്റായ മൊഴി നല്‍കിയതിനും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ രേഖകള്‍ പരിശോധിക്കാന്‍ ഇ.ഡിക്ക് അനുമതി നല്‍കിക്കൊണ്ട് 2025 സെപ്റ്റംബറില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അന്വേഷണ ഏജന്‍സിയോട് പൂര്‍ണ്ണമായും സഹകരിക്കുമെന്ന് രനീന്ദര്‍ സിങ് അറിയിച്ചു. നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും സത്യം പുറത്തുവരുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
അമരീന്ദര്‍ സിങ്ങിനോട് വ്യാഴാഴ്ച (ഫെബ്രുവരി 12) ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കാല്‍മുട്ട് ശസ്ത്രക്രിയയെത്തുടര്‍ന്ന് മൊഹാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ അദ്ദേഹം ഹാജരാകാന്‍ സാധ്യതയില്ല. മകന്‍ രനീന്ദര്‍ സിങ്ങിനോട് വെള്ളിയാഴ്ച ഹാജരാകാനാണ് ഇ.ഡി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us