'എനിക്ക് ജ്യേഷ്ഠനെപ്പോലെയായിരുന്നു ദാദ, അന്ത്യം വിശ്വസിക്കാനാകുന്നില്ല'; അജിത് പവാറിന്റെ വിയോഗത്തിൽ വിതുമ്പി ഏകനാഥ് ഷിൻഡെ; അജിത് പവാറിനെ അനുസ്മരിച്ച് ഷിൻഡെ ബാരാമതിയിലേക്ക്

'ഭരണകാര്യങ്ങളില്‍ അസാമാന്യമായ പിടുത്തമുള്ള, എന്തിനും നേര്‍വഴിക്ക് സംസാരിക്കുന്ന ഭയമില്ലാത്ത നേതാവായിരുന്നു അദ്ദേഹം.

New Update
Untitled

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തകര്‍ന്നുപോയെന്ന് സഹപ്രവര്‍ത്തകനും ശിവസേന നേതാവുമായ ഏകനാഥ് ഷിന്‍ഡെ.

Advertisment

അജിത് പവാര്‍ തനിക്ക് ഒരു രാഷ്ട്രീയ സഹപ്രവര്‍ത്തകന്‍ എന്നതിലുപരി ഒരു ജ്യേഷ്ഠനെപ്പോലെയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബാരാമതിയില്‍ വിമാനാപകടത്തില്‍ പവാര്‍ കൊല്ലപ്പെട്ട വാര്‍ത്ത വിശ്വസിക്കാനാകുന്നില്ലെന്ന് ഷിന്‍ഡെ മാധ്യമങ്ങളോട് പ്രതികരിച്ചു.


'ഭരണകാര്യങ്ങളില്‍ അസാമാന്യമായ പിടുത്തമുള്ള, എന്തിനും നേര്‍വഴിക്ക് സംസാരിക്കുന്ന ഭയമില്ലാത്ത നേതാവായിരുന്നു അദ്ദേഹം. കാബിനറ്റില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ എനിക്കത് നേരിട്ട് ബോധ്യപ്പെട്ടതാണ്. മഹാരാഷ്ട്രയുടെ വികസനത്തിനായി ഒരു ടീമായിട്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും 'ലഡ്കി ബഹന്‍' പദ്ധതി തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോയത് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യമാണ്.'

ഇന്ന് രാവിലെ എട്ട് മണിയോടെ മുംബൈയില്‍ നിന്ന് പുറപ്പെട്ട സ്വകാര്യ വിമാനം ബാരാമതിയില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് തകര്‍ന്നു വീണത്. വിമാനത്തിന് തീപിടിക്കുകയും പൂര്‍ണ്ണമായും നശിക്കുകയും ചെയ്തു. അജിത് പവാറിനൊപ്പം രണ്ട് പൈലറ്റുമാരും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും അപകടത്തില്‍ കൊല്ലപ്പെട്ടു.


2023-ല്‍ ശരദ് പവാറുമായി പിരിഞ്ഞതിന് ശേഷം ബിജെപിയും ഷിന്‍ഡെ പക്ഷ ശിവസേനയും ഉള്‍പ്പെടുന്ന 'മഹായുതി' സഖ്യത്തിന്റെ നിര്‍ണ്ണായക ശക്തിയായിരുന്നു അജിത് പവാര്‍. മുന്‍പ് ഇരുവരും തമ്മില്‍ ചില രാഷ്ട്രീയ വിയോജിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും, അജിത് ദാദയുടെ ഭരണനൈപുണ്യത്തെ ഷിന്‍ഡെ എപ്പോഴും പുകഴ്ത്തിയിരുന്നു.


മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഏകനാഥ് ഷിന്‍ഡെയും അപകടസ്ഥലമായ ബാരാമതിയിലേക്ക് തിരിച്ചിട്ടുണ്ട്. അജിത് പവാറിന്റെ കുടുംബാംഗങ്ങളെയും അനുയായികളെയും ഷിന്‍ഡെ അനുശോചനം അറിയിച്ചു.

Advertisment