മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള മഹായുതി അനിശ്ചിതത്വത്തില്‍ ശിവസേനനേതാവും കാവല്‍ മുഖ്യമന്ത്രിയുമായ ഏകനാഥ് ഷിന്‍ഡെ അസ്വസ്ഥനാണെന്നും അതിനാല്‍ സഖ്യ യോഗം റദ്ദാക്കി ജന്മഗ്രാമത്തിലേക്ക് യാത്രതിരിച്ചുവെന്ന ഊഹാപോഹങ്ങള്‍ തള്ളിക്കളഞ്ഞ് ശിവസേന.
ഷിന്‍ഡെയുടെ ആരോഗ്യനില മോശമാണെന്നും ശനിയാഴ്ച യോഗം ചേരുണ്ടെന്നും പാര്‍ട്ടി വ്യക്തമാക്കി.
വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള ബിജെപി ദേശീയ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ നിന്ന് മടങ്ങിയ ഷിന്‍ഡെ സത്താറയിലേക്ക് പോയതിനാല്‍ പോര്‍ട്ട്‌ഫോളിയോ വിഭജനത്തെയും മുഖ്യമന്ത്രി സ്ഥാനത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടുതല്‍ വൈകിയിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അദ്ദേഹം അസ്വസ്ഥനല്ല. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമല്ല. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അസ്വസ്ഥനായതിനാല്‍ അദ്ദേഹം നാട്ടിലേക്ക് പോയി എന്ന് പറയുന്നത് ശരിയല്ല. അദ്ദേഹം സംസ്ഥാനത്തിന്റെ ക്ഷേമത്തിനും വികസനത്തിനും വേണ്ടിയാണ് പോരാടുന്നത്. മറിച്ചുള്ള വിവരങ്ങള്‍ തെറ്റാണെന്ന് സ്ഥാനമൊഴിയുന്ന സംസ്ഥാന മന്ത്രി ഉദയ് സാമന്ത് വ്യക്തമാക്കി.
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട അടുത്ത സഖ്യയോഗം വെള്ളിയാഴ്ച മുംബൈയില്‍ ചേരുമെന്ന് ഏകനാഥ് ഷിന്‍ഡെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹം സത്താറയിലേക്ക് പോയതിനാല്‍, കൂടിക്കാഴ്ച ശനിയാഴ്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.