'എൽ മെഞ്ചോ'യുടെ അന്ത്യം: ഇന്ത്യൻ സമുദ്രപാത വഴി പ്രവർത്തിച്ചിരുന്ന മെക്സിക്കൻ-ചൈനീസ് ലഹരി മാഫിയാ സഖ്യത്തിന് കനത്ത പ്രഹരം

മെതാംഫെറ്റമിന്‍ നിര്‍മ്മിക്കാനാവശ്യമായ രാസവസ്തുക്കള്‍ ചൈനയില്‍ നിന്ന് ഇന്ത്യന്‍ സമുദ്രപാത വഴി മെക്‌സിക്കോയിലേക്ക് എത്തിച്ചിരുന്നു.

New Update
Untitled

ഡല്‍ഹി: പ്രമാദമായ മെക്‌സിക്കന്‍ ലഹരിമരുന്ന് രാജാവ് നെമീസിയോ റൂബന്‍ ഒസെഗ്വേര സെര്‍വാന്റസ് (എല്‍ മെഞ്ചോ) കൊല്ലപ്പെട്ടതോടെ, ഇന്ത്യന്‍ സമുദ്രപാത വഴി പ്രവര്‍ത്തിച്ചിരുന്ന മെക്‌സിക്കന്‍-ചൈനീസ് ലഹരി മാഫിയയുടെ നട്ടെല്ലൊടിഞ്ഞതായി സുരക്ഷാ വിദഗ്ധര്‍.

Advertisment

ഇന്ത്യയെ ഒരു നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റാനുള്ള രാജ്യാന്തര ലഹരി സംഘങ്ങളുടെ നീക്കത്തിന് ഇത് വലിയ തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.


മെക്‌സിക്കോയിലെ കുപ്രസിദ്ധമായ 'ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍' തലവനായിരുന്നു എല്‍ മെഞ്ചോ. ചൈനീസ്-കനേഡിയന്‍ ഗുണ്ടാതലവന്‍ സെ ചി ലോപ്പിന്റെ നേതൃത്വത്തിലുള്ള 'ദ കമ്പനി' എന്ന ലഹരി സംഘവുമായി ചേര്‍ന്ന് ഇയാള്‍ വലിയൊരു സഖ്യം തന്നെ രൂപീകരിച്ചിരുന്നു.


മെതാംഫെറ്റമിന്‍ നിര്‍മ്മിക്കാനാവശ്യമായ രാസവസ്തുക്കള്‍ ചൈനയില്‍ നിന്ന് ഇന്ത്യന്‍ സമുദ്രപാത വഴി മെക്‌സിക്കോയിലേക്ക് എത്തിച്ചിരുന്നു.

മെക്‌സിക്കന്‍ ലഹരിമരുന്നുകള്‍ക്ക് ഇന്ത്യയില്‍ വലിയ വിപണിയില്ലെങ്കിലും, ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കടത്താന്‍ ഇന്ത്യയെ ഒരു സുരക്ഷിത പാതയായാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്.

2024 ഒക്ടോബറില്‍ ഗ്രേറ്റര്‍ നോയിഡയില്‍ മെക്‌സിക്കന്‍ സംഘത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന അതീവ രഹസ്യമായ ലഹരി നിര്‍മ്മാണ ശാല എന്‍.സി.ബി തകര്‍ത്തിരുന്നു.


2024 നവംബറില്‍ ആന്‍ഡമാന്‍ കടലില്‍ വച്ച് മ്യാന്‍മര്‍ ബോട്ടില്‍ നിന്ന് 6,000 കോടി രൂപ വിലമതിക്കുന്ന 5,500 കിലോ മെതാംഫെറ്റമിന്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയിരുന്നു. എല്‍ മെഞ്ചോയുടെ സംഘത്തിന് ഇന്ത്യന്‍ സമുദ്രമേഖലയിലുള്ള സ്വാധീനം തെളിയിക്കുന്ന ആദ്യത്തെ ശക്തമായ തെളിവായിരുന്നു ഇത്.


'മെക്‌സിക്കന്‍ ലഹരി സംഘങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. എല്‍ മെഞ്ചോയുടെ അന്ത്യം ഇത്തരത്തിലുള്ള ലഹരി മാഫിയാ സഖ്യങ്ങളെ തകര്‍ക്കാന്‍ ഇന്ത്യന്‍ ഏജന്‍സികളെ സഹായിക്കും.' - സഞ്ജയ് കുമാര്‍ സിംഗ് (മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍, എന്‍.സി.ബി) വ്യക്തമാക്കി.

Advertisment