തെലങ്കാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്, വോട്ടെണ്ണൽ ഫെബ്രുവരി 13 ന്

New Update
election

തെലങ്കാനയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്. 116 മുനിസിപ്പാലിറ്റികളിലേക്കും ഏഴ് മുനിസിപ്പൽ കോർപ്പറേഷനിലേക്കുമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ 13,000 സ്ഥാനാർഥികളാണ് മത്സരിക്കുന്നത് .52 ലക്ഷത്തിലധികം വോട്ടർമാരാണ് ഇന്ന് വിധിയെഴുതാനായി പോളിംഗ് ബൂത്തുകളിലേക്കെത്തുക.രാവിലെ 7 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്.ഫെബ്രുവരി 13 ന് വോട്ടെണ്ണൽ നടക്കും.

കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ വൻ വിജയം നേടിയ കോൺഗ്രസ് തദ്ദേശ തെരഞ്ഞെടുപ്പോടെ സംസ്ഥാന രാഷ്ട്രീയത്തിൽ പ്രബല പാർട്ടി എന്ന സ്ഥാനം ഉറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം, കോൺഗ്രസിനും ബിആർഎസിനുമെതിരെ ഒരുപോലെ ബദലായി ഉയർന്നുവരികയാണ് ബിജെപിയുടെ ലക്ഷ്യം.

2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടികൾ നേരിട്ട ബിആർഎസ്, ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിൽ തന്നെയാണ് ബിആർഎസ്.

പൊതുവിതരണ സംവിധാനത്തിന് കീഴിലുള്ള അരി വിതരണം, ആരോഗ്യ ശ്രീ ആരോഗ്യ പദ്ധതി, സർക്കാർ നടത്തുന്ന ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ദരിദ്രർക്ക് 500 രൂപയ്ക്ക് എൽപിജി സിലിണ്ടറുകൾ എന്നിവയുൾപ്പെടെ നിരവധി ക്ഷേമ പരിപാടികൾ ഇതിനകം കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഢി, എല്ലാ മുനിസിപ്പാലിറ്റികളുടെയും വികസനത്തിനായി മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.

Advertisment
Advertisment