ഡല്‍ഹി: പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്ന് ഒഴിവ് വന്ന നിലമ്പൂര്‍ നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന് നടക്കും. വോട്ടെണ്ണല്‍ ജൂണ്‍ 23 ന് നടക്കും. ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം നാളെ പുറപ്പെടുവിക്കും.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ രണ്ട് ആണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്.
വോട്ടെടുപ്പിന് ഇനി 25 ദിവസങ്ങള്‍ മാത്രമാണുള്ളത്. നിലമ്പൂരിനൊപ്പം ഗുജറാത്തിലെ രണ്ട് മണ്ഡലങ്ങള്‍, പഞ്ചാബിലെ ലുധിയാന വെസ്റ്റ്, ബംഗാളിലെ കാളിഗഞ്ച് മണ്ഡലങ്ങളിലും ഉപതെഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.
ഗുജറാത്ത്, കേരളം, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ ഒഴിവുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.
ഗുജറാത്തിലെ 24-കാഡിയില്‍ കര്‍സന്‍ഭായി പഞ്ചാബായ് സോളങ്കിയുടെ മരണത്തെ തുടര്‍ന്നും 87 വിസാവാദറില്‍ ഭയാനി ഭൂപേന്ദ്രഭായി ഗന്ധുഭായിയുടെ രാജിയെ തുടര്‍ന്നും കേരളത്തിലെ നിലമ്പൂരില്‍ പി വി അന്‍വറിന്റെ രാജിയെത്തുടര്‍ന്നും പഞ്ചാബിലെ 64-ലുധിയാന വെസ്റ്റില്‍ ഗുര്‍പ്രീത് ബാസി ഗോഗിയുടെ മരണത്തെ തുടര്‍ന്നും പശ്ചിമ ബംഗാലിലെ 80-കലിഗഞ്ചില്‍ നസിറുദ്ദീന്‍ അഹമ്മദിന്റെ മരണത്തെ തുടര്‍ന്നുമാണ് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.