അമൃത്സര്‍: അമൃത്സറിലെ ബൊപ്പരായ് ബാജ് സിംഗ് ഗ്രാമത്തില്‍, വീട്ടില്‍ നിന്ന് ഒളിച്ചോടിയ മകളെയും കാമുകനെയും പിതാവ് ക്രൂരമായി കൊലപ്പെടുത്തി. പിതാവ് ആദ്യം ഇരുവരെയും വൈദ്യുതാഘാതം ഏല്‍പ്പിക്കുകയും പിന്നീട് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയും ചെയ്തു.
കൊലപാതകത്തിന് ശേഷം പിതാവ് ലോപോക്ക് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പോലീസിന് മുന്നില്‍, പ്രതി ഇരുവരെയും കൊലപ്പെടുത്തിയതായി സമ്മതിച്ചു.
കാക്കര്‍ ഗ്രാമത്തിലെ താമസക്കാരനായ ജോബന്‍ദീപ് സിംഗ് (24) ബൊപ്പരായ് ബാജ് സിംഗ് ഗ്രാമത്തിനടുത്തുള്ള റോഡില്‍ മണ്ണ് കുഴിക്കുന്ന ജോലിക്കാരനായിരുന്നു. പ്രതിയായ ഗുര്‍ദിയാല്‍ സിങ്ങിന്റെ വീട് ഈ റോഡിനടുത്താണ്. ഗുര്‍ദിയാലിന്റെ മകള്‍ സുഖ്പ്രീത് കൗറിനെ (22) ജോബന്‍ദീപ് കണ്ടുമുട്ടി. ഇരുവരും പ്രണയത്തിലായി.
ഞായറാഴ്ച ഇരുവരും വീട്ടില്‍ നിന്ന് ഒളിച്ചോടി. തിങ്കളാഴ്ച ഇരുവരും വിവാഹിതരാകാന്‍ കോടതിയില്‍ പോയി. അവിടെ ഒരു ബന്ധു അവരെ കാണുകയും പെണ്‍കുട്ടിയുടെ കുടുംബത്തെ അറിയിക്കുകയും ചെയ്തു. പരസ്പര സമ്മതത്തോടെ വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ കുടുംബം അവരെ വീട്ടിലേക്ക് കൊണ്ടുവന്നു.
ഇരുവരും വീട്ടിലെത്തിയ ഉടനെ ഗുര്‍ദിയാല്‍ ഇവരെ പിടികൂടി വൈദ്യുതാഘാതമേല്‍പ്പിച്ച് ബോധരഹിതരാക്കി. ഇതിനുശേഷം മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി.
സംഭവം അറിഞ്ഞയുടന്‍, ഔട്ട്പോസ്റ്റ് രാംതീര്‍ത്ത് ഇന്‍-ചാര്‍ജ് രച്പാല്‍ സിംഗ് ഉടന്‍ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പ്രതി കീഴടങ്ങിയതായി അദ്ദേഹം പറഞ്ഞു.