ഡൽഹി: വൈദ്യുതി മോഷണക്കേസുമായി ബന്ധപ്പെട്ട് സമാജ്വാദി പാർട്ടി മുൻ ജില്ലാ പ്രസിഡന്റിന് 54 ലക്ഷം രൂപ പിഴ ചുമത്തി ഉത്തർപ്രദേശ് വൈദ്യുതി വകുപ്പ്. ഫിറോസ് ഖാൻ എന്നയാൾക്കെതിരെയാണ് നടപടി.
ഫിറോസ് ഖാനെതിരെ കേസെടുത്തതായി വൈദ്യുതി വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നവീൻ ഗൗതം പറഞ്ഞു. ഒക്ടോബർ 20ന് ഹയാത്നഗറിലെ പക്ക ബാഗിൽ നടത്തിയ പരിശോധനയിൽ ഫിറോസ് ഖാന്റെ സ്വകാര്യ ഓഫീസിൽ വൈദ്യുതി മോഷണം നടന്നതായി കണ്ടെത്തുകയായിരുന്നു.
2012 മുതൽ മീറ്ററുകൾ സ്ഥാപിച്ചിട്ടില്ലെന്നും സാധുതയുള്ള വൈദ്യുതി കണക്ഷനില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. പരിശോധനാ റിപ്പോർട്ട് അംഗീകരിച്ചതിന് ശേഷം 54 ലക്ഷം രൂപ പിഴ ചുമത്തിയെന്നും ഗൗതം പറഞ്ഞു.
15 ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ഫിറോസ് ഖാന് നോട്ടീസും അയച്ചു. അതേസമയം, തന്നെ കള്ളക്കേസിൽ കുടുക്കാനുള്ള രാഷ്ട്രീയ കുതന്ത്രമാണ് ഈ കേസിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.