ഖമേനിയുടെ വധം: രാജ്യത്ത് അതീവ ജാഗ്രത; ഡൽഹിയിലെ എംബസികൾക്ക് ചുറ്റും കനത്ത സുരക്ഷ

ക്രമസമാധാന നില തകര്‍ക്കാന്‍ സാധ്യതയുള്ള നീക്കങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാനും നിരീക്ഷിക്കാനും സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടു.

New Update
Untitled

ഡല്‍ഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യത്തുടനീളം അതീവ ജാഗ്രത പാലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നവരെയും ഇറാന്‍ അനുകൂല തീവ്ര നിലപാടുള്ളവരെയും നിരീക്ഷിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കി.

Advertisment

ശനിയാഴ്ച അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തില്‍ പുറത്തുവരുന്ന പ്രകോപനപരമായ പ്രസംഗങ്ങള്‍ രാജ്യത്ത് അസ്വസ്ഥതയ്ക്കും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും കാരണമായേക്കാമെന്ന് ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നു.


തലസ്ഥാനമായ ഡല്‍ഹിയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. പ്രത്യേകിച്ച് അമേരിക്ക, ഇസ്രായേല്‍, ഇറാന്‍ എംബസികള്‍ സ്ഥിതി ചെയ്യുന്ന മേഖലകളില്‍ സുരക്ഷാ വലയം ശക്തമാക്കി.

ക്രമസമാധാന നില തകര്‍ക്കാന്‍ സാധ്യതയുള്ള നീക്കങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാനും നിരീക്ഷിക്കാനും സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടു.


കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ കറാച്ചിയിലുണ്ടായ സംഘര്‍ഷത്തില്‍ 22 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഇന്ത്യയിലും സുരക്ഷാ നടപടികള്‍ കര്‍ശനമാക്കിയത്. കറാച്ചിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയിരുന്നു.


മധ്യേഷ്യയിലെ യുദ്ധസാഹചര്യം ഇന്ത്യയിലെ ആഭ്യന്തര സുരക്ഷയെ ബാധിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Advertisment