ഗാസിയാബാദ് സഹോദരിമാരുടെ മരണം: പിതാവിന്റെ മൂന്നാം ഭാര്യ സ്ഥാപനത്തിലെ മുൻ ജീവനക്കാരി; കേസിൽ ദുരൂഹതയേറുന്നു

ചേതന്റെ മൂന്നാം വിവാഹത്തെക്കുറിച്ചും കുട്ടികള്‍ വീട്ടില്‍ അനുഭവിച്ചിരുന്ന മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ചുമുള്ള പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

New Update
Untitled

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഒന്‍പതാം നിലയില്‍ നിന്ന് ചാടി മൂന്ന് പെണ്‍കുട്ടികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പിതാവ് ചേതന്‍ കുമാറിനെ ചുറ്റിപ്പറ്റി അന്വേഷണം മുറുകുന്നു.

Advertisment

ചേതന്റെ മൂന്നാം വിവാഹത്തെക്കുറിച്ചും കുട്ടികള്‍ വീട്ടില്‍ അനുഭവിച്ചിരുന്ന മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ചുമുള്ള പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.


തന്റെ മൂന്നാം ഭാര്യയായ ടീനയെ ആദ്യം തന്റെ അനിയന്റെ ഭാര്യ എന്നാണ് ചേതന്‍ പോലീസിനോട് പരിചയപ്പെടുത്തിയിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ടീന തന്റെ ഭാര്യയാണെന്ന് ഇയാള്‍ സമ്മതിച്ചു. 2018-ല്‍ തന്റെ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്ന ടീനയുമായി ചേതന്‍ പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. 22 വയസ്സുള്ള ടീനയ്ക്ക് മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്.


ചേതന്റെ ആദ്യ രണ്ട് ഭാര്യമാരായ സുജാതയും ഹീനയും നിരക്ഷരരായതിനാല്‍ തങ്ങളുടെ വിവാഹരേഖകളോ കൃത്യമായ തീയതിയോ ഹാജരാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇത് അന്വേഷണത്തെ സങ്കീര്‍ണ്ണമാക്കുന്നു.

പെണ്‍കുട്ടികള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്‌കൂളില്‍ പോയിരുന്നില്ല എന്ന വിവരവും പോലീസ് പുറത്തുവിട്ടു.

സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് കുട്ടികളുടെ പഠനം നിര്‍ത്തിയതെന്നാണ് കുടുംബം പറയുന്നത്. മാത്രമല്ല, കുട്ടികള്‍ ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ കടബാധ്യത തീര്‍ക്കാനായി പിതാവ് വിറ്റതായും കണ്ടെത്തി. മരിക്കുന്നതിന് 15 ദിവസം മുന്‍പാണ് ഇതില്‍ രണ്ടാമത്തെ ഫോണ്‍ വിറ്റത്. ഈ ഫോണുകള്‍ കണ്ടെത്തി വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.


മൂന്ന് കിടപ്പുമുറികളുള്ള ഫ്‌ലാറ്റിലായിരുന്നിട്ടും കുടുംബാംഗങ്ങളെല്ലാവരും ഒരു മുറിയിലാണ് ഉറങ്ങിയിരുന്നതെന്ന് പോലീസ് കണ്ടെത്തി. രാത്രിയില്‍ മൂന്ന് കുട്ടികള്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങി ബാല്‍ക്കണിയില്‍ നിന്ന് ചാടിയിട്ടും ആരും അറിഞ്ഞില്ല എന്ന ചേതന്റെ മൊഴി പോലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല.


കുടുംബത്തിലെ തര്‍ക്കങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയത് മൂലമുണ്ടായ മാനസിക സമ്മര്‍ദ്ദം എന്നിവയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഫോണ്‍ രേഖകളും സ്‌കൂള്‍ രേഖകളും പരിശോധിച്ച ശേഷം മാത്രമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരൂ.

Advertisment